Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസി ബസും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്ന് പേര്‍ മരിച്ചു

ഇടിയുടെ ആഘാതത്തിൽ ടെംപോ ട്രാവലർ രണ്ടായി നെടുകെ പിളർന്നു. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. 

ksrtc bus hits tempo traveler in alappuzha three passengers died
Author
Mararikkulam Beach, First Published Apr 26, 2019, 6:26 AM IST

ആലപ്പുഴ: തിരുവനന്തപുരം ദേശീയ പാതയില്‍ മരാരികുളത്തിന് സമീപം കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎൽ 01 എ.യു 9494 ടെംപോ ട്രാവലറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ വിജയകുമാർ(30), വിനീഷ് (30), പ്രസന്ന(48) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. 

അപകടത്തിൽ മരിച്ചതും പരിക്കേറ്റവരും ടെംപോ ട്രാവലറിലെ യാത്രക്കാരാണ്. വിനീഷിന്‍റെ വിവാഹനിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം കണ്ണൂരിലേക്ക് മടങ്ങി വരികയായിരുന്നു സംഘം എന്നാണ് വിവരം. വണ്ടിയിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം 11 പേരാണ് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ പലരുടേയും നില ​അതീവ ​ഗുരുതരമാണെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ടെംപോ ട്രാവലർ രണ്ടായി നെടുകെ പിളർന്നു. ബസിലെ യാത്രക്കാർക്ക് കാര്യമായ പരിക്കില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. അപകടസമയത്ത് ഇരുവാഹനങ്ങളും അമിതവേ​ഗതയിലായിരുന്നുവെന്നാണ് സൂചന. 

കൂട്ടിയിടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന ടെംപോ ട്രാവലറിൽ നിന്നും ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂർ മട്ടന്നൂരിർ വിമാനത്താവളത്തിന് സമീപമാണ് ഇവരുടെ വീടെന്നാണ് വിവരം. തിരുവനന്തപുരത്ത് വിവാഹനിശ്ചയചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios