Asianet News MalayalamAsianet News Malayalam

'ഉപഭോക്താവ് നമ്മെ ആശ്രയിക്കുന്നില്ല, നാം അവരെ ആശ്രയിക്കുന്നു'; പ്രതിജ്ഞ ചൊല്ലാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍

നാളെ രാവിലെ 11ന് കെഎസ്ആർടിസിയുടെ ചീഫ് ഓഫീസ് ഉൾപ്പടെയുളള എല്ലാ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലും എല്ലാ ഓഫീസർമാരും ജീവനക്കാരും ഒത്തുചേരുകയും ഗാന്ധിയന്മാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തില്‍ സമ്മേളനങ്ങൾ ചേരുകയും ചെയ്യും

ksrtc employees gandhi jayanthi day special pledge
Author
First Published Oct 1, 2022, 6:45 PM IST

തിരുവനന്തപുരം: ഉപഭോക്താവിന് നല്‍കുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള പ്രതിജ്ഞ ചൊല്ലാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഗാന്ധി ജയന്തിയോട് അനുബന്ധിച്ചാണ് എല്ലാ ഓഫീസർമാരും ജീവനക്കാരും പ്രതിജ്ഞ ചൊല്ലുക. ഒരാഴ്ച നീളുന്ന ആഘോഷങ്ങളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. നാളെ രാവിലെ 11ന് കെഎസ്ആർടിസിയുടെ ചീഫ് ഓഫീസ് ഉൾപ്പടെയുളള എല്ലാ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലും എല്ലാ ഓഫീസർമാരും ജീവനക്കാരും ഒത്തുചേരുകയും ഗാന്ധിയന്മാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തില്‍ സമ്മേളനങ്ങൾ ചേരുകയും ചെയ്യും.  കൂടാതെ ഉപഭോക്താവിനെ സംബന്ധിച്ചുളള മഹാത്മാഗാന്ധിയുടെ വചനങ്ങൾ പ്രതിജ്ഞയായി ഏറ്റുചൊല്ലുകയും ചെയ്യും.

പ്രതിജ്ഞ ഇങ്ങനെ 

"നമ്മുടെ പരിസരത്തെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകനാണ് ഉപഭോക്താവ്. അദ്ദേഹം നമ്മെ ആശ്രയിക്കുന്നില്ല.
നാം അദ്ദേഹത്തെ ആശ്രയിക്കുന്നു. അദ്ദേഹം നമ്മുടെ ജോലിയിൽ ഒരു തടസ്സമാകുന്നില്ല. അദ്ദേഹമാണ് നമ്മുടെ പ്രവർത്തനങ്ങളുടെ ഉദ്ദേശം. അദ്ദേഹം നമ്മുടെ വ്യവസായത്തിന് പുറത്തുള്ള ആളല്ല. അദ്ദേഹം നമ്മുടെ വ്യവസായത്തിന്റെ ഭാഗമാണ്. അദ്ദേഹത്തെ സേവിക്കുന്നതിലൂടെ നമ്മൾ ഒരു ഉപകാരവും ചെയ്യുന്നില്ല. അതിനുള്ള അവസരം നൽകിക്കൊണ്ട് അദ്ദേഹം നമുക്ക് ഒരു ഉപകാരം ചെയ്യുന്നു"

ഒക്ടോബർ രണ്ട് മുതൽ എട്ടുവരെ കെഎസ്ആര്‍ടിസി ഗാന്ധിജയന്തി വാരമായി ആചരിക്കും. ഏറ്റവും മികച്ച രീതിയിൽ ഗാന്ധിജയന്തി വാരാചാരണവും ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനും നടത്തുന്ന യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന ആദ്യത്തെ മൂന്ന് യൂണിറ്റുകൾക്ക് യഥാക്രമം 25000, 20000, 15000 എന്ന രീതിയിൽ സമ്മാനവും നൽകും.  

സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടനുബന്ധിച്ച്  എല്ലാ യൂണിറ്റുകളിലും ലഹരി വിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ടു പോകുകയാണ് കെഎസ്ആർടിസി അറിയിച്ചത്. ഇതിനിടെ യാത്രക്കാരോട് മോശമായി പെരുമാറുന്ന കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വീഡിയോ പുറത്ത് വന്നതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഗാന്ധി ജയന്തി ആഘോഷിക്കുന്നത് സംബന്ധിച്ചുള്ള കെഎസ്ആര്‍ടിസി ഒഫീഷ്യല്‍ പേജില്‍ വന്ന പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്‍റുകളുമായി എത്തുന്നത്. 

പെരുമാറ്റം ശരിയാക്കാന്‍ കെഎസ്ആര്‍ടിസിയില്‍ പരീശീലനം; നല്ല മാറ്റം ഉണ്ടല്ലോയെന്ന് നാട്ടുകാര്‍, വിമര്‍ശനം

Follow Us:
Download App:
  • android
  • ios