ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാറിനും പൊതുമേഖലാ എണ്ണ കമ്പനികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. വിലനിർണ്ണയത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ കെഎസ്ആർടിസി ആർബിട്രേഷൻ കോടതിയെ സമീപിക്കണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
ദില്ലി: ഡീസലിന്‍റെ അധികവില സംബന്ധിച്ച നിയമതർക്കത്തിൽ കെഎസ്ആർടിസിക്ക് (KSRTC) ഭാഗിക ആശ്വാസം. ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാറിനും പൊതുമേഖലാ എണ്ണ കമ്പനികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. വിലനിർണ്ണയത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ കെഎസ്ആർടിസി ആർബിട്രേഷൻ കോടതിയെ സമീപിക്കണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
വിപണി വിലയേക്കാളും കൂടുതല്‍ തുക കെഎസ്ആർടിസിയില്‍ നിന്ന് ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നോട്ടീസിന് മറുപടി നല്‍കാന്‍ എട്ട് ആഴ്ചത്തെ സമയമാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. കമ്പനികളുടെ നടപടി ഭരണഘടന വിരുദ്ധമാണെന്ന് കെഎസ്ആര്‍ടിസി കോടതിയിൽ വാദിച്ചു. വിലയിനത്തിൽ നൂറ് കോടിയിലധികം രൂപ കെഎസ്ആര്‍ടിസി നല്‍കാനുണ്ടെന്ന് പൊതുമേഖല എണ്ണ കമ്പനികള്‍ കോടതിയിൽ പറഞ്ഞു. മധ്യവേനല്‍ അവധിക്ക് ശേഷമാകും ഇനി കോടതി പരിഗണിക്കുക. കെഎസ്ആർടിസിക്ക് വേണ്ടി അഭിഭാഷകരായ കപില്‍ സിബലും, ദീപക് പ്രകാശും ഹാജരായി.
കെ എസ് ആർ ടി സിക്കുള്ള ഡീസലിന് എണ്ണ കമ്പനികൾ വില കുത്തനെ കൂട്ടിയത് തിരിച്ചടിയായിരുന്നു. ലിറ്ററിന് 21 രൂപ 10 പൈസയാണ് ഒറ്റ ദിവസം കൂട്ടിയത്. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ പെടുത്തിയാണ് എണ്ണവില വർദ്ധിപ്പിച്ചത്. നേരത്തേ ഐ ഒ സി ലിറ്ററിന് 7 രൂപ കൂട്ടിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയിൽ പോകാനായിരുന്നു കോടതി ഉത്തരവ്. ഇത് നിലനിൽക്കെയാണ് വില വീണ്ടും കുത്തനെ കൂട്ടിയത്.
Also Read: കെഎസ്ആർടിസി പ്രതിസന്ധി; നാളെ മുതല്‍ ശമ്പളം കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി
