Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ, 206 ബസുകൾ നിരത്തിലിറങ്ങുമെന്ന് മന്ത്രി ശശീന്ദ്രൻ

നാളെ 206 ദീർഘദൂര സർവീസുകൾ ആരംഭിക്കും. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുക. 

KSRTC long-distance service from tomorrow, Minister ak saseendran
Author
Kozhikode, First Published Jul 31, 2020, 11:25 AM IST

കോഴിക്കോട്: കൊവിഡിന്റെ വ്യാപനം കണക്കിലെടുത്ത് നിർത്തിവെച്ച കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ സംസ്ഥാനത്ത് നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. നാളെ 206 ദീർഘദൂര സർവീസുകൾ ആരംഭിക്കും. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുക. കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താൽക്കാലിക സംവിധാനം ഉണ്ടാവുക. കൊവിഡ് കാലത്തേക്ക് മാത്രമായി ഏർപ്പെടുത്തിയ പ്രത്യേകനിരക്കിലാണ് സർവീസ് നടത്തുക.

യാത്രക്കാർ ബസുകളെ ആശ്രയിക്കുക എന്ന രീതി കൊവിഡ് കാലത്ത് കുറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെയും യൂസ്ഡ് കാറുകളുടെയും വില്പന ഈ കാലയളവിൽ വർധിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു. 

അതേ സമയം നികുതി ഇളവ് ആവശ്യപ്പെട്ട്  സ്വകാര്യബസുകൾ നാളെ  മുതൽ സർവീസ് നിർത്തിവയ്ക്കുകയാണ്. ബസ് സർവീസ് നിർത്തി വെക്കുന്നത് ഈ കാലത്ത് ഗുണമാണോ എന്ന് സ്വകാര്യ ബസ്സുടമകൾ ചിന്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പൊതുഗതാഗത സംവിധാനത്തെ ജനങ്ങൾ കയ്യൊഴിയുന്ന രീതിയാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നതെന്ന് ഉടമകൾ മനസ്സിലാക്കണം. സ്വകാര്യ ബസ് ഉടമകൾക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios