തുറന്ന പോരിനുറച്ച് ബിജുപ്രഭാകര്‍.രണ്ടാം ഗഡു ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യുണിയനുകൾ

തിരുവനന്തപുരം:കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകളുമായി തുറന്ന പോരിനുറച്ച് സിഎംഡി ബിജു പ്രഭാകർ . സ്ഥാപനത്തെ നശിപ്പിക്കുന്നതിൽ ഒരു വിഭാഗം ജീവനക്കാർക്ക് കാര്യമായ പങ്കുണ്ടെന്ന് തുറന്നു കാട്ടുകയാണ് ലക്ഷ്യം. തുടർച്ചയായ അഞ്ചു ദിവസം ഫേസ് ബുക്ക്‌ പേജിലൂടെയുള്ള ഉള്ളുതുറക്കൽ ലക്ഷ്യമിടുന്നതും ഇതുതന്നെ. അതേസമയം സിഎംഡി ക്കെതിരെ നേർക്കുനേരുള്ള പോരാട്ടത്തിന് ഒരുങ്ങുകയാണ് തൊഴിലാളി സംഘടനകളും. കോൺഗ്രസ്‌ അനുക്കൂല യൂണിയൻ ആയ TDF നെതിരെ പരാതിയുമായി ബിജു പ്രഭാകർ രംഗത്ത് വന്നതോടെ ഇതര യുണിയനുകളും ആശങ്കയിൽ ആണ്. രണ്ടാം ഗഡു ശമ്പളം വൈകുന്നതിൽ പ്രതിഷേധിച് വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യുണിയനുകൾ.

കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും ഫേസ് ബുക്കിലൂടെ തുറന്നുപറയുകയാണ് ബിജുപ്രഭാകര്‍.ആദ്യ വീഡിയോയിലാണ് ഒരു വിഭാഗം ജീവനക്കാരുടെ അജണ്ടകള്‍ അദ്ദേഹം തുറന്നുകാട്ടുന്നത്. സ്ഥാപനം നന്നാവണമെങ്കില്‍ എല്ലാവരും പണിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.. സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജുപ്രഭാകര്‍ ഗതാഗതമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും സമീപിച്ചു. ഇതിനിടെ കോണ്‍ഗ്രസ് അനുകൂല യൂണിയന്‍റെ മാസവരിസംഖ്യ പിരിവിനെതിരെ ബിജു പ്രഭാകര്‍ പരാതി നല്‍കി. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 150 രൂപ യൂണിയന്‍ അക്കൗണ്ടിലേക്ക് മാറ്റുന്നത് നിര്‍ത്തണമെന്ന് ബാങ്കിനാണ് കത്തുനല്‍കിയത്. അനുമതിപത്രം വാങ്ങിയാണ് പിരിവെന്നും സിഎംഡിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിന്‍റെ പകവീട്ടുകയാണ് അദ്ദേഹമെന്നും ടിഡിഎഫ് നേതാക്കള്‍ പറയുന്നു. സിഎംഡി അവധിയില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ അറിവില്ലെന്നാണ് ഗതാഗതമന്ത്രിയുടെ പ്രതികരണം