മലപ്പുറം: കെഎസ്ആർടിസിബസ് യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരന്റെ മർദ്ദനം. മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഷബീർ മനാഫിനാണ് ക്രൂരമായി മർദ്ദനമേറ്റത്. ഇയാളുടെ മുഖത്തെ എല്ലിന് പരിക്കേറ്റു.

ഒരു പല്ല് പൊട്ടിപ്പോവുകയും ചെയ്തു. മലപ്പുറത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനെ ഇതേ റൂട്ടിലോടുന്ന ഫേവറിറ്റ് എന്ന സ്വകാര്യ ബസ് മറികടക്കാൻ ശ്രമിച്ചു. കെഎസ്ആര്‍ടിസിയുടെ പുറകിൽ  സ്വകാര്യ ബസ് ഇടിക്കുകയും ചെയ്തിരുന്നു. 

പിന്നീട് ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ സംഘർഷമുണ്ടായി. സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഫോട്ടോ എടുക്കുന്നത് ചോദ്യം ചെയ്തതാണ് ഷബീറിനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ കാരണം. കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

ബസില്‍ യാത്രക്കാരിയായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടിലിട്ട കുറിപ്പ്

ചില സ്വകാര്യ ബസ്സുകാരുടെ തോന്നിവാസത്തെ കുറിച്ചാണ്. 
.................................
ഇന്നലെ വൈകുന്നേരം മലപ്പുറത്ത് നിന്നും ഒരു KSRTC പോയന്റ് റ്റു പോയൻറ് ബസ്സിലാണ് കയറിയത്. മലപ്പുറം വിട്ടാൽ കൊണ്ടോട്ടിയും പിന്നെ കോഴിക്കോടും മാത്രം സ്റ്റോപ്പുള്ള വണ്ടി. 
ബസ്സ് മലപ്പുറത്ത് നിന്ന് എടുത്തത് മുതൽ ഫേവറിറ്റ് എന്ന് പേരുള്ളൊരു സ്വകാര്യ ബസ് KSRTC യെ പോകാനനുവദിക്കാതെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നത് ഞങ്ങൾ യാത്രക്കാർ ശ്രദ്ധിച്ചിരുന്നു. ആ പോക്കത്ര ശരിയല്ലെന്ന് ചിലർ പറയുന്നുമുണ്ടായിരുന്നു.

ഇടക്ക് ആ ബസ് ഒരു സ്റ്റോപ്പിൽ നിർത്തുകയും KSRTC അതിനെ മറികടന്ന് പോരുകയും ചെയ്തു. ഏകദേശം വള്ളുവമ്പ്രത്തെത്തിയപ്പോഴാണ് ബസ്സിനു പുറകിൽ എന്തോ വന്നിടിക്കുന്ന ശബ്ദം കേട്ടത്. നേരത്തെ ബുദ്ധിമുട്ടുണ്ടാക്കിയ അതേ ബസ്, ഫേവറിറ്റ്. അങ്ങേരുടെ മിറർ പൊട്ടുകയും KSRTC ക്ക് പിറകിൽ ചെറിയ സ്ക്രാച്ച് ഉണ്ടാവുകയും ചെയ്തു. പിന്നീട് ആ ബസ്സിലെ ജീവനക്കാർ KSRTC ജീവനക്കാരെ തെറിയഭിഷേകം നടത്താൻ തുടങ്ങി. 
ബസ് അല്പം മുൻപോട്ട് ഒതുക്കി നിർത്തി, രണ്ട് ബസ്സിലെ യാത്രക്കാരും ഇറങ്ങി. പ്രൈവറ്റ് ബസിലെ ഡ്രൈവറും കണ്ടക്ടറും അവർ എവിടെ നിന്നോ വിളിച്ച് വരുത്തിയ കുറച്ച് പേരും വന്ന് കെഎസ്ആർടിസി ഡ്രൈവറുടേയും കണ്ടക്ടറുടേയും റോഡിൽ വളഞ്ഞ് ഫോട്ടോയും വീഡിയോയും എടുത്തു കൊണ്ടിരുന്നു. കൂടെ 
'ഇയാൾ നാളെയും ഈ റൂട്ടിൽ ഓടും ഇയാൾക്കുള്ള പണി ഞങ്ങൾ കൊടുക്കും ഞങ്ങൾ ആരാണെന്ന് അയാൾക്ക് അറിയില്ല ' എന്ന തരത്തിൽ ഭീഷണിയും തുടങ്ങി.

ആ സമയത്ത് കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരൻ കൂടിയായ ഒരു യുവാവ് ബസ് ജീവനക്കാരുടെ ഫോട്ടോ എടുക്കുന്നത് ചോദ്യം ചെയ്യുകയും നിങ്ങളല്ലേ പുറകിൽ വന്നു ഇടിച്ചത് എന്നും ചോദിച്ചു . പെട്ടെന്നാണ് ബസ്സിലെ ഡ്രൈവറായ ആരോഗ്യവാനായ ക്രിമിനൽ ആ യുവാവിനെ മുഖത്ത് ഇടിച്ചത്. ശേഷം അയാൾ തിരിച്ചു നടന്നു പോവുകയും ചെയ്തു. ഡ്രൈവർ കഞ്ചാവാണെന്നും അൽപം മുമ്പ് മറ്റൊരു കാർ യാത്രക്കാരനെ മർദ്ദിച്ചിരുന്നെന്നും അവിടെ കൂടി നിൽക്കുന്നവർ ചിലർ പറയുന്നതും കേട്ടു. അടി കൊണ്ട യുവാവിനെ മുഖത്തുനിന്ന് ചോര വരുന്നുണ്ടായിരുന്നു. കാര്യമായി പറ്റിയോ എന്ന് ചോദിച്ചപ്പോൾ ഇടി കൊണ്ട് പൊട്ടിപ്പോയ പല്ലാണ് അവൻ സ്വന്തം കയ്യിലേക്ക് തുപ്പി കാണിച്ചുതന്നത്.

മലപ്പുറം എസ് പി യെ വിളിച്ചും മെസേജയച്ചും കാര്യം പറയുകയും അദ്ദേഹം പെട്ടെന്ന് തന്നെ സ്റ്റേഷനിൽ നിന്ന് SI അടക്കമുള്ള പൊലീസ് സംഘത്തെയും അയച്ചു. ആ നാട്ടുകാരൻ തന്നെയായ ഷബീർ എന്ന 22കാരനാണ് മർദ്ദിക്കപ്പെട്ടതെന്ന് പൊലീസെത്തി സംസാരിച്ചതിൽ നിന്ന് മനസിലായി. സുഹൃത്തുക്കൾ വന്ന് അവനെ കൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. 
അവസാനം പോലീസ് സംഭവം കണ്ടുനിന്ന ഏതെങ്കിലും രണ്ടു പേര് സാക്ഷിയായി പേരും അഡ്രസ്സും കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും അഡ്രസ് കൊടുക്കാൻ തയ്യാറായില്ല എന്നതാണ് സങ്കടകരമായി തോന്നിയത്.