തിരുവനന്തപുരം: സര്‍ക്കാരിനെതിരെ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ രംഗത്ത്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ എന്ന വാഗ്ദാനം നടപ്പാക്കാതിരുന്നതിനെ തുടര്‍ന്നാണ് വിമര്‍ശനം. ഉപതെരഞെടുപ്പില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടുംബം സര്‍ക്കാരിന്‍റെ വഞ്ചനക്കെതിരെ രംഗത്തുവരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2014ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ‍സാമ്പത്തിക ബാധ്യത മൂലം സര്‍ക്കാര്‍ ഇതിന് തയ്യാറായിട്ടില്ല. പെന്‍ഷന്‍ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.

സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് ഇപ്പോള്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ഇതിനുള്ള പലിശയായി 75 കോടിയോളം ഇതിനകം സഹകരണ ബാങ്കുകള്‍ക്ക് നല്‍കികഴിഞ്ഞു. ഒരുമാസത്തെ പെന്‍ഷനുള്ള തുകയേക്കാള്‍ അധികമാണിത്. സഹകരണ ബാങ്ക് വഴിയുള്ള പെന്‍ഷന്‍ കരാര്‍ ഹൃസ്വകാലാടിസ്ഥാനത്തിലാണ്.

സര്‍ക്കാരില്‍ നിന്ന് കൃത്യസമയം പണം കിട്ടുന്നില്ലെന്നാരോപിച്ച് കരാര്‍ പുതുക്കാന്‍ സഹകരണ വകുപ്പ് പലപ്പോഴും താത്പര്യക്കുറവ് കാണിക്കുന്നുമുണ്ട്. ഈ സാമ്പത്തികവര്‍ഷം ആദ്യം ആറുമാസത്തേക്കായിരുന്നു കരാര്‍. പിന്നീട് മൂന്ന് മാസത്തേക്ക് നീട്ടി. കരാര്‍ കാലാവധി കഴിഞ്ഞതോടെ ഈ മാസം ഇതുവരെ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന മന്ത്രി തല ചര്‍ച്ചയില്‍ ആറു മാസത്തേക്ക് കൂടി കരാര്‍ നീട്ടാന്‍ ധാരണയായിട്ടുണ്ട്.