ഒരു ദിവസത്തെ പണിമുടക്ക് മൂന്ന് ദിവസത്തെ വരുമാനത്തെ ബാധിച്ചുവെന്നും ഗതാഗതമന്ത്രി, ജനങ്ങളെ ബുദ്ധുമുട്ടിക്കുന്ന പണിമുടക്കില്‍ ആത്മപരിശോധന വേണം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം നീളുമെന്നുറപ്പായി. അധിക സഹായം സംബന്ധിച്ച് ഒരുറപ്പും നല്‍കാന്‍ ഗതാഗത മന്ത്രി ആന്‍റണി രാജു തയ്യാറല്ല. സൂചന പണിമുടക്ക് നടത്തിയ തൊഴിലാളി യൂണിയനുകള്‍ക്കെതിരെ അദ്ദേഹം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. മെയ് 6നാണ് സൂചന പണിമുടക്ക് നടത്തിയത്. എന്നാല്‍ മെയ് 5ന് വൈകിട്ട് മുതലുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ മുടങ്ങി. മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ വലഞ്ഞു. ഫലത്തില്‍ മൂന്ന് ദിവസത്തെ വരുമാനത്തെ പണിമുടക്ക് ബാധിച്ചു.മെയ് 10 ന് മുന്പ് ശമ്പള വിതരണം ഉറപ്പാക്കാന്‍ മാനേജ്മെന്‍റിന് നിര്‍ദ്ദേശം നല്‍കാമെന്ന് തൊഴിലാളി യൂണിയനുകളുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷ യൂണിയനുകള്‍ തയ്യാറായില്ല. പണിമുടക്ക് മാത്രമല്ല പ്രതിഷേധ മാര്‍ഗ്ഗം. ജനങ്ങളെ ബുദ്ധിമുട്ടിച്ച് , കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന പണിമുടക്കിലേക്ക് ഇനിയും നീങ്ങരുതെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.
കാനത്തിന് മറുപടി
KSRTCയിലെ പ്രതിപക്ഷ യൂണിയനുകള്‍ മെയ് 6 ന് നടത്തിയ സൂചന പണിമുടക്കില്‍ എഐടിയുസി യൂണിയനും പങ്കെടുത്തിരുന്നു. ജോലി ചെയ്താല്‍ കൂലി കിട്ടണം എന്നായിരുന്നു പണിമുടക്കിനെ അനുകൂലിച്ച് കാനം രാജേന്ദ്രന്‍റെ പ്രതികരണം. കാനത്തിന് മറുപടിയുമായി ഗതാഗതമന്ത്രി ഇന്ന് രംഗത്തെത്തി. കോവിഡ് കാലത്ത് ബസ്സുകളൊന്നും സര്‍വ്വീസ് നത്താതിരുന്ന കാലത്തും കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുത്തിട്ടുണ്ട്. പണിമുടക്കിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നുവെന്നും ആന്‍റണിരാജു പറഞ്ഞു.
പണിമുടക്കിയവര്‍ക്ക് "പണി" വരുന്നു
കെഎസ്ആർടിസിയിലെ പണിമുടക്കിന് പിന്നാലെ ജീവനക്കാർക്ക് മേൽ കടിഞ്ഞാൺ മുറുക്കാൻ മാനേജ്മെന്റ്. അച്ചടക്ക നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാവാത്തവരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി. ഇനി മുതൽ 190 ദിവസം ജോലിചെയ്യുന്നവരെ മാത്രമേ ശന്പള വർദ്ധനവിനും സ്ഥാനക്കയറ്റത്തിനും അടക്കം പരിഗണിക്കുകയുമുള്ളൂ.സമരം പ്രഖ്യാപിച്ചതിന് പിന്നാലെ കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചു. അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി 5, 6, 7 തീയതികളിൽ ജോലിക്ക് ഹാജരാവാത്തവരുടെ പട്ടികയും തയ്യാറാക്കിത്തുടങ്ങി.ജീവനക്കാർ 24 മണിക്കൂർ സമരംചെയ്ത ദിവസം തന്നെയാണ് മിനിമം ഡ്യൂട്ടി നിബന്ധനയും ഉത്തരവാക്കി ഇറക്കിയത്. ഇത് ജനുവരിയിൽ കോർപറേഷനിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായുണ്ടാക്കിയ ധാരണപ്രകാരമുള്ള ഉത്തരവായിരുന്നു. ഇത് പ്രകാരം കെഎസ്ആർടിസിയിൽ ഇനി മുതൽ ശമ്പള വർദ്ധനവ് , പ്രമോഷൻ, പെൻഷൻ തുടങ്ങിയവ ലഭിക്കാൻ എല്ലാവർഷവും ചുരുങ്ങിയത് 190 ദിവസം ഹാജർ വേണം.മാരക രോഗങ്ങൾ പിടിപെടുന്നവർക്കും അപകടങ്ങളെ തുടർന്ന് കിടപ്പുരോഗികളാകുന്നവർക്കും ഇളവുണ്ട്. എന്നാൽ ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനം കെഎസ്ആർടിസി മാനേജ്മെന്റിന്റേതാണ്. അതിന് കെഎസ്ആർടിസി രൂപീകരിക്കുന്നതോ സർക്കാരിന്റേതോ ആയ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിക്കും. ഉറ്റ ബന്ധുക്കളുടെ മരണം നടന്നാലും 190 ദിവസം മിനിമം സേവനം എന്ന നിബന്ധനയിൽ ഇളവ് കിട്ടും
