Asianet News MalayalamAsianet News Malayalam

'വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണി'; ആന്‍റണി രാജുവിനെതിരെ വീണ്ടും സിഐടിയു

സിഎംഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുത്. വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്നും സിഐടിയു വിമര്‍ശിച്ചു.

ksrtc salary and target controversy citu slams kerala transport minister antony raju nbu
Author
First Published Feb 20, 2023, 11:36 AM IST

പത്തനംതിട്ട: കെഎസ്ആര്‍ടിസിയിലെ ശമ്പള വിവാദത്തില്‍ മന്ത്രി ആന്‍റണി രാജുവിനെതിരെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സിഐടിയു. വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് സിഐടിയു വിമര്‍ശിച്ചു. സിഎംഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുത്. വകുപ്പിൽ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സിഐടിയു വിമര്‍ശനം ഉന്നയിച്ചു. 

കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നും വേണമെങ്കില്‍ ചര്‍ച്ചയാകാമെന്നുമുള്ള ഗതാഗതമന്ത്രിയുടെ നിലപാടാണ് സിഐടിയുവിനെ ചൊടിപ്പിച്ചത്. ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയത്തില്‍ തീരുമാനമെടുത്തശേഷം വേണമെങ്കില്‍ ചര്‍ച്ചയാകാം എന്ന രീതി ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയത്തിന് വിരുദ്ധമാണെന്ന് സിഐടിയു കുറ്റപ്പെടുത്തുന്നു. മാനേജ്മെന്‍റ് നിഷേധ നിലപാട് സ്വീകരിക്കുന്നതിന് പിന്നില്‍ മറ്റെന്തോ അജണ്ടയാണ്. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ സോപ്പിട്ട് വശത്താക്കുകയാണെന്നും ഇത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് സിഐടിയുവിന്‍റെ ആവശ്യം. ശമ്പളത്തിന് ടാര്‍ഗറ്റ് വ്യവസ്ഥ കൊണ്ടുവരാനുള്ള നീക്കത്തില്‍ എംഡി ബിജു പ്രഭാകറുമായി കടുത്ത ഭിന്നതയിലാണ് തൊഴിലാളി സംഘടനകള്‍. 

ശമ്പള വിതരണ രീതിയില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരവുമായി രംഗത്തെത്തുകാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഗഡുക്കളായി ശമ്പളം നല്‍കാനുള്ള മാനേജ്മെന്‍റ് തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് സിഐടിയു തൊഴിലാളികള്‍ ഇന്ന് മുതല്‍ മുഖ്യമന്ത്രിക്ക് കത്തയക്കും. പതിനായിരം കത്തുകളാണ് അയക്കുക. വൈകീട്ട് തമ്പാനൂരിലെ സെന്‍ട്രല്‍ ബസ് സ്റ്റാന്‍റിലേക്ക് എഐടിയുസി മാര്‍ച്ചും നടത്തും. എംഡി ബിജു പ്രഭാകറിനും മന്ത്രി ആന്‍റണി രാജുവിനും എതിരെ രൂക്ഷവിമര്‍ശനമാണ് ഭരണപക്ഷ തൊഴിലാളി യൂണിയനുകള്‍ തന്നെ നടത്തുന്നത്. 

Follow Us:
Download App:
  • android
  • ios