തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം കെഎസ്ആർടിസി സർവ്വീസുകൾ ഇന്ന് പുനരാരംഭിക്കും. പരിമിതമായ ദീർഘദൂര സർവ്വീസുകളാകും നടത്തുക. സംസ്ഥാനത്ത് കൊവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്ആർടിസി സർവ്വീസുകൾ അവസാനിപ്പിച്ചിരുന്നു.

രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണ് കെഎസ്ആർടിസി സർവ്വീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സര്‍വ്വീസുകളെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സ‍ർവ്വീസുകൾ എന്നതിനാൽ യാത്രക്കാ‍രെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ പുനരാരംഭിക്കും. സർവ്വീസുകളെക്കുറിച്ചുള്ള വിവരങ്ങൾ "എന്റെ കെഎസ്ആർടിസി" മൊബൈൽ ആപ്പ്, www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും.  കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ദീർഘദൂര സർവ്വീസുകൾ ഉണ്ടാകില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona