കണിയാപുരം - കിഴക്കേക്കോട്ട എന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത 2 യാത്രക്കാക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയെന്നാണ് കുറ്റം

തിരുവനന്തപുരം: ടിക്കറ്റിൽ ക്രമക്കേട് വരുത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു. കണ്ടക്ടർ എസ് ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കെഎസ്ആർടിസി വിജിലൻസ് വിഭാ​ഗം ഈ മാസം 27,813 ബസ്സുകളിൽ പരിശോധന നടത്തി. 131 ക്രമക്കേട് കണ്ടെത്തി.

ജൂൺ മാസം 1 മുതൽ 20 വരെ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിലായാണ് വിജിലൻസ് വിഭാ​ഗം പരിശോധന നടത്തിയത്. ജൂൺ 13 ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ കെഎസ് 153 കണിയാപുരം - കിഴക്കേക്കോട്ട എന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത 2 യാത്രക്കാക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിനാണ് കണ്ടക്ടർ എസ് ബിജുവിനെ പിരിച്ചുവിട്ടത്. ഇയാൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പൊതുപണം അപഹരിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. കെഎസ്ആർടിസി ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ പി ആർ ജോൺകുട്ടി, അടൂർ യൂണിറ്റിലെ കണ്ടക്ടർ കെ മോഹനൻ എന്നിവർ യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാത്തതിന് സസ്പെന്റ് ചെയ്യപ്പെട്ടു. ഇവർക്കെതിരെ ആലപ്പുഴ, കൊട്ടാരക്കര പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.

Read More: വ്യാജ സർട്ടിഫിക്കറ്റ്, തെറിവിളി, യാത്രക്കാരെ ഇറക്കിവിടൽ; അഞ്ച് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ടിൽ 10 ജീവനക്കാരെ കൂടി സസ്പെൻഡ് ചെയ്തു. അകാരണമായി ആറ് സർവ്വീസുകൾ റദ്ദാക്കിയ കോന്നി യൂണിറ്റിലെ ഇൻസ്പെക്ടർ വിജി ബാബു, സ്റ്റേഷൻ മാസ്റ്റർ സിഎ ​ഗോപാലകൃഷ്ണൻ നായർ, പണം ഈടാക്കിയിട്ട് ടിക്കറ്റ് നൽകാതിരുന്ന തൃശ്ശൂർ യൂണിറ്റിലെ കണ്ടക്ടർ ബിജു തോമസ്, മേലധികാരിയുടെ നിർദ്ദേശമില്ലാതെ സ്വന്തമായി സർവ്വീസ് റദ്ദാക്കിയ പൂവ്വാർ യൂണിറ്റിലെ കണ്ടക്ടർ ബിവി മനു, ഡ്രൈവർ അനിൽകുമാർ എസ്, സ്റ്റേഷൻ പരിസരത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ഈരാറ്റുപേട്ട യൂണിറ്റിലെ ഡ്രൈവർ റെജി ജോസഫ്, മെഡിക്കൽ സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടിയ ചങ്ങനാശ്ശേരി യൂണിറ്റിലെ ഡ്രൈവർ പി സൈജു, അസിസ്റ്റൻഡ് ട്രാൻസ്പോർട്ട് ഓഫീസറോട് മോശമായി പെരുമാറി ഭീഷണപ്പെടുത്തിയ വൈക്കം യൂണിറ്റിലെ കണ്ടക്ടർ ബി മം​ഗൾ വിനോദ്, ഇടിഎം തകരാറിലായതിനാൽ തന്നിഷ്ടപ്രകാരം സർവ്വീസ് റദ്ദാക്കിയ പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസ്, ഏഴ് യാത്രക്കാർ മാത്രമുണ്ടായിരുന്ന ബസിൽ ഒരു യാത്രക്കാരിൽ നിന്നും പണം ഈടാക്കാതെയും, ടിക്കറ്റ് നൽകാതെയും സൗജന്യയാത്ര അനുവദിച്ച ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ ഇ ജോമോൾ, എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

Read More: ​​​​​​​മുതി‌ർന്ന പൗരന് സംവരണം ചെയ്ത് സീറ്റ്, ഒഴിപ്പിച്ച് നൽകാൻ വിമുഖത കാട്ടി കെഎസ്ആർടിസി കണ്ടക്ടർ; ഒടുവിൽ...

ടിക്കറ്റെടുക്കാതെ യാത്രചെയ്ത 17 യാത്രക്കാരിൽ നിന്നും സർക്കാർ ഉത്തരവ് അനുസരിച്ച് 500 രൂപ വീതം പിഴയിനത്തിൽ ആകെ 8500/- രൂപ ഈടാക്കി. വിജിലൻസ് വിഭാഗം പരിശോധന കർശനമാക്കി. വരുമാന ചോർച്ച തടഞ്ഞ് കെഎസ്ആർടിസിയുടെ വരുമാനം ഉയർത്തുകയാണ് ലക്ഷ്യമെന്ന് കെഎസ്ആർടിസി എംഡി അറിയിച്ചു.

YouTube video player