മേയ് മാസത്തെ ശമ്പളം ജൂൺ അവസാനമായിട്ടും എല്ലാ വിഭാഗം ജീവനക്കാർക്കും നൽകിയിട്ടില്ല. അംഗീകൃത യൂണിയനുകളുമായി മന്ത്രി വൈകിട്ട് ചര്‍ച്ച നടത്തും

തിരുവനന്തപുരം : കെ എസ് ആർ ടി സിയില്‍ മേയ് മാസത്തെ ശമ്പളം ജൂൺ അവസാനമായിട്ടും എല്ലാ വിഭാഗം ജീവനക്കാർക്കും നൽകിയിട്ടില്ല. കഴിഞ്ഞ മാസം 193 കോടിയിലധികം രൂപ വരുമാനമുണ്ടായിട്ടും മുൻ ധാരണപ്രകാരം ശമ്പള വിതരണം നടത്താൻ സർക്കാർ തയ്യാറായില്ല. ആദ്യപടിയായി കണ്ടക്ടർ, ഡ്രൈവർ വിഭാഗതതിലുള്ളവര്‍ക്ക് ശമ്പളം നല്‍കി.അതോടെ ജീവനക്കാരുടെ പ്രതിഷേധം അവസാനിക്കുമെന്ന സർക്കാരിന്‍റെ കണക്കുകൂട്ടൽ തെറ്റി.മുഴുവൻ ജീവനക്കാരുടെയും ശമ്പള പ്രതിസന്ധി പരിഹരിക്കാത്തതിനാൽ ഭരണാനുകൂല സംഘടനയടക്കം പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ പത്തു ദിവസങ്ങൾക്കു ശേഷം മിനിസ്റ്റീരിയൽ വിഭാഗത്തിന് ശമ്പളം നൽകുകയായിരുന്നു. എന്നാൽ മെക്കാനിക്കൽ ജീവനക്കാർക്ക് എന്ന് ശമ്പളം നൽകാനാവുമെന്നു പറയാൻ പോലും സർക്കാരിനാവുന്നില്ല. സർക്കാർ ബോധപൂർവ്വം സൃഷ്ടിച്ച പ്രതിസന്ധി മാത്രമാണ് ഇപ്പോഴുള്ളതെന്ന് ജീവനക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തി... ഏതു തരത്തിലും ജീവനക്കാരെ പ്രകോപിപ്പിച്ച് പണിമുടക്കിലേക്ക് തള്ളിവിട്ട് സ്ഥാപനത്തെ ഇഷ്ടക്കാർക്ക് തീറെഴുതാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ശമ്പള പ്രതിസന്ധിയെന്ന് കെഎസ്ടി എംപ്ളോയീസ് സംഘ് കുറ്റപ്പെടുത്തി.

കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും..വൈകീട്ട് ആറരയ്ക്ക് മന്ത്രിയുടെ ചേമ്പറിലാണ് യോഗം..മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും..കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ മന്ത്രി മുന്നോട്ടുവെക്കും.സർക്കാരിന് മുന്നിൽ വയ്ക്കാനുള്ള നി‍ർദ്ദേശങ്ങളും മറ്റ് സഹായങ്ങളും മാനേജേമെന്റ് പ്രതിനിധികൾ പങ്കുവെക്കും..എന്നാൽ ശമ്പള വിതരണത്തിലെ പാളിച്ചകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി തുടങ്ങിയ പ്രശ്നങ്ങൾ തൊഴിലാളി നേതാക്കളും ഉന്നയിക്കും.. 

'വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സമരം ചെയ്തതെന്തിന്': കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതി നോട്ടീസ്

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തിൽ തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പ്രത്യേക ദൂതൻ മൂഖേന യൂണിയനുകൾക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ നിർദ്ദേശം. കെഎസ്ആര്‍ടിസി നൽകിയ ഉപഹർജിയിലാണ് കോടതി നടപടി.

ശമ്പളം ഉറപ്പാക്കൽ വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സമരം ചെയ്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഓഫീസ് പ്രവർത്തനങ്ങളടക്കം തടസ്സപ്പെടുത്തിയുള്ള സമരത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ടായിരുന്നു കെഎസ്ആര്‍ടിസിയുടെ ഉപഹർജി. 

KSRTC : മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് ശമ്പളം ലഭിച്ചു; ഇനിയും 16 കോടി രൂപ വേണമെന്ന് മാനേജ്മെന്‍റ്

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് കൂടി ശമ്പളം ലഭിച്ചുവെങ്കിലും കാഷ്വൽ ലേബേഴ്സിനും ഉന്നത ഉദ്യോഗസ്ഥർക്കും ഇനി ശമ്പളം കിട്ടാനുള്ളത്. ഇതിനായി 16 കോടി രൂപ കണ്ടെത്തേണ്ടതുണ്ടെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.

ഉപരോധസമരം, നിരാഹാര സത്യഗ്രഹം, ചീഫ് ഓഫീസ് വളയൽ എന്നിങ്ങനെ കഴിഞ്ഞ 22 ദിവസമായി പ്രതിഷേധത്തിന്‍റെ അടവുകൾ പലതും പയറ്റിയിട്ടും മാനേജ്മെന്റിന് കുലുക്കമില്ല. സമരം തുടങ്ങിയതിൽ പിന്നെ സിഎംഡി, കെഎസ്ആർടിസി ഓഫീസിൽ കാലുകുത്തിയിട്ടില്ല. സെക്രട്ടേറിയറ്റിലെ ട്രാൻസ്പോർട്ട് സെക്രട്ടറിയുടെ ഓഫീസിലിരുന്നാണ് നോക്കുന്നത്. ഈ സാഹചര്യത്തിലാണ് സിഎംഡി ഓഫീസിന് ഭരണാനുകൂല സംഘടന തന്നെ നേരിട്ടിറങ്ങി മനുഷ്യപ്പൂട്ടിട്ടത്.