തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് സെക്ര​ട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് കെഎസ് യു സംസ്ഥാന കമ്മിറ്റി അറിയിച്ചു.  

ഇന്നലെ കെഎസ്‍യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാർച്ചില്‍ സെക്രട്ടേറിയറ്റും പരിസരവും സംഘർഷഭൂമിയാകുകയായിരുന്നു. പൊലീസും സമരക്കാരും തമ്മിൽ കനത്ത സംഘ‍ർഷമാണ് നടന്നത്. സമരക്കാർക്ക് നേരെ പൊലീസ് ടിയർ ഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിഞ്ഞു.

സംഘർഷത്തിനിടെ നിരാഹാര സമരം നടത്തിയ സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഘർഷത്തിൽ നിരവധി യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർക്കും​ പൊലീസ്​ ഉദ്യോഗസ്ഥർക്കും​ പരിക്കേറ്റിരുന്നു. അതേസമയം, സമരപരിപാടികൾ തുടരാനാണ് കെഎസ് യുവിൻറെയും യൂത്ത് കോൺഗ്രസ്സിന്റെയും തീരുമാനം.