തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികകൾ തള്ളിയ സംഭവത്തിൽ കെഎസ്‍യു നിയമനടപടിയിലേക്ക്. പത്രിക തള്ളിയതിന് പിന്നിൽ ​ഗൂഢാലോചന ഉണ്ടെന്ന് കെഎസ്‍യു ആരോപിച്ചു. വിഷയത്തെ സംബന്ധിച്ച് കോടതിയെ സമീപിക്കുമെന്നും കെഎസ്‍യു പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കെഎസ്‍യു സ്ഥാനാര്‍ത്ഥികള്‍ നൽകിയ പത്രിക തള്ളിയത്. ചട്ട പ്രകാരമല്ല പത്രികൾ നൽകിയത് എന്നായിരുന്നു സൂക്ഷ്മ പരിശോധന സമിതിയുടെ വിലയിരുത്തൽ. നാമനിർദ്ദേശ പത്രിക പൂരിപ്പിച്ചതിലെ പിഴവുകൾ ചൂണ്ടി കാട്ടിയാണ് പത്രികൾ തള്ളിയത്. എന്നാൽ പത്രിക തള്ളിയതിന് പിന്നിൽ എസ്എഫ്ഐ ആണെന്ന് കെഎസ് യു ആരോപിച്ചിരുന്നു.

ഇരുപത് വര്‍ഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മത്സരിക്കാൻ കെഎസ്‍യു പ്രവര്‍ത്തകര്‍ പത്രിക നൽകിയത്. കെഎസ്‍യുവിന്റെ ഏഴ് സ്ഥാനാർത്ഥികളുടേതിന് പുറമേ എഐഎസ്എഫിന്‍റെ രണ്ട് പേരുടെയും പത്രികകൾ സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു.