Asianet News MalayalamAsianet News Malayalam

പിണറായിയുടെ ഓഫീസിനെ വിറപ്പിച്ച് ശിൽപ്പ; അപ്രതീക്ഷിത നീക്കത്തിൽ അന്ധാളിച്ച് സുരക്ഷാ പട

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ട് താഴെയെത്തി കെഎസ്‍യു നേതാവ് ശിൽപ്പ മുദ്രാവാക്യം വിളിച്ചത്. അപ്രതീക്ഷിത നീക്കത്തിൽ അന്ധാളിച്ച് നിൽക്കാനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുള്ളു. 

ksu leader shilpa's protest in front of pinarayi vijayan office
Author
Trivandrum, First Published Jul 17, 2019, 12:43 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയിൽ കടന്ന് കയറി മുദ്രാവാക്യം വിളിച്ച് കെഎസ്‍യു സംസ്ഥാന നേതാവ് ശിൽപ്പ. പ്രതിഷേധം മുന്നിൽ കണ്ട് സെക്രട്ടേറിയറ്റ് പരിസരത്ത് ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളെല്ലാം വെല്ലുവിളിച്ചാണ് ശിൽപ്പ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിരിക്കുന്ന നോര്‍ത്ത് ബ്ലോക്കിന് താഴെ എത്തി മുദ്രാവാക്യം വിളിച്ചത്. അപ്രതീക്ഷിത നീക്കത്തിൽ അന്ധാളിച്ച് നിൽക്കാനെ കുറച്ച് നേരത്തേക്കെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുള്ളു. 

യൂണിവേഴ്‍സിറ്റി കോളേജിലെ അതിക്രമങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണ് കെഎസ്‍യു സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്. പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിന് അകത്ത് കയറാൻ ഇടയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാൽ പതിവിലേറെ സുരക്ഷയാണ് ഇന്ന് സെക്രട്ടേറിയറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്. ഇതിനിടെയാണ് ശിൽപ്പയുടെ നേതൃത്വത്തിൽ മൂന്ന് വനിതകൾ ഉൾപ്പെട്ട അഞ്ച് അംഗ സംഘം മതിൽ ചാടിക്കടന്ന് സെക്രട്ടേറിയറ്റിനകത്ത് കയറി പ്രതിഷേധിക്കുന്നത്. 

ksu leader shilpa's protest in front of pinarayi vijayan office

കെഎസ്‍യു സംസ്ഥാന നേതാവും അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമാണ് ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരപ്പന്തലിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിഡി സതീശനും അടക്കമുള്ള നേതാക്കളെത്തി ശ്രദ്ധ അവിടേക്ക് മാറിയപ്പോഴാണ് സമരപ്പന്തലിന് സമീപം നിന്ന ശിൽപ്പയും സംഘവും സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടുന്നത്. മുദ്രാവാക്യം വിളിച്ച് ഓടിയടുക്കുന്ന പ്രതിഷേധക്കാരെ കണ്ട് അമ്പരന്ന സുരക്ഷാ ജീവനക്കാര്‍ തടയാൻ ശ്രമിച്ചു. പ്രതിഷേധക്കാരിൽ ചിലരെ ദര്‍ബാര്‍ഹാളിന് സമീപം വച്ച് പിടികൂടുകയും ചെയ്തു.

 ksu leader shilpa's protest in front of pinarayi vijayan office

എന്നാൽ സുരക്ഷാ വലയം ഭേദിച്ച് നോര്‍ത്ത് ബ്ലോക്കിലേക്ക് ഓടിയെത്തിയ ശിൽപ്പ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ എത്തി മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രിയും മന്ത്രിസഭായോഗം നടക്കുന്നതിനാൽ മന്ത്രിമാരെല്ലാരും നോര്‍ത്ത് ബ്ലോക്കിൽ തന്നെ ഉണ്ടായിരുന്നു. അപ്രതീക്ഷിത പ്രതിഷേധം കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ഒട്ടൊന്ന് പകച്ച് നിന്ന ശേഷമാണ് വനിതാ പൊലീസ് അടക്കം ഉള്ളവരെത്തി ശിൽപ്പയെ നോര്‍ത്ത് ബ്ലോക്കിൽ നിന്ന് മാറ്റുന്നത്.

ksu leader shilpa's protest in front of pinarayi vijayan office

"

അതിനിടെ യൂണിവേഴ്സിറ്റി കോളേജിലെ അക്രമങ്ങൾക്കെതിരെയുളള പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ് യു.  കെഎസ്യു പ്രസിഡന്‍റ് കെഎം അഭിജിത്തിന്‍റെ നിരാഹാരം മൂന്നാം ദിവസവും തുടരുകയാണ്. മന്ത്രിസഭായോഗം നടക്കുന്ന സമയത്ത് പൊലീസ് സന്നാഹത്തെ മറികടന്ന് കെഎസ്‍യു പ്രവർത്തകർക്ക് സെക്രട്ടറിയേറ്റ് വളപ്പിൽ വരെ കടക്കാനായത് വൻ സുരക്ഷാവീഴ്ചയായായാണ് വിലയിരുത്തുന്നത്.  മുഖ്യമന്ത്രി സമരത്തോട് സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് കാരണമാണ് വിദ്യാർത്ഥികൾ കടുത്ത സമരത്തിലേക്ക് കടന്നതെന്ന് കെപസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios