കോട്ടയം: എംജി സർവകലാശാലയിൽ മാർക്ക് ദാനം, മാർക്ക് തട്ടിപ്പ് എന്നീ വിഷയങ്ങളിൽ അഴിമതി ആരോപിച്ച് കെഎസ്‌യു സംസ്ഥാന സമിതി സർവകലാശാല സ്ഥലത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ബാരിക്കേഡ് തകർത്ത പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു. ഇതോടെ പ്രവർത്തകർക്ക് നേരെ രണ്ടു തവണ കണ്ണീർവാതകം പ്രയോഗിച്ചു. പ്രവർത്തകർ പിന്തിരിയാതെ വന്നതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ പത്തോളം കെഎസ്‌യു പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റു.