ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പ്രിൻസിപ്പാളിനെയും അധ്യാപകരെയും തടഞ്ഞുവെച്ച് കെഎസ്‌യു പ്രതിഷേധം. പ്രിൻസിപ്പാളിന്റെ മുറിയിലാണ് അധ്യാപകരെ മൂന്നര മണിക്കൂറോളം നേരം തടഞ്ഞു വെച്ചത്. 

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പ്രിൻസിപ്പാളിനെയും അധ്യാപകരെയും തടഞ്ഞുവെച്ച് കെഎസ്‌യു പ്രതിഷേധം. പ്രിൻസിപ്പാളിന്റെ മുറിയിലാണ് അധ്യാപകരെ മൂന്നര മണിക്കൂറോളം നേരം തടഞ്ഞു വെച്ചത്. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 മണി വരെ ആയിരുന്നു അധ്യാപകരെ തടഞ്ഞുവെച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ എസ്എഫ്ഐ - കെഎസ്‌യു സംഘർഷത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുമായി 4 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് പരിക്കേറ്റ കോളജ് യൂണിയൻ മുൻ ചെയർപേഴ്സൺ ആതിര പ്രിൻസിപ്പാൾക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ഇന്ന് അധ്യാപകരെ തടഞ്ഞ് പ്രതിഷേധം നടത്തിയത്. 

പരാതി തുറന്നു വായിക്കാൻ പോലും പ്രിൻസിപ്പാൾ തയാറായില്ലെന്നും കെഎസ്‌യു നേതാക്കൾ ആരോപിച്ചു. തുടർന്ന് കെഎസ്‌യു പ്രവർത്തകർ സ്റ്റാഫ് കൗൺസിൽ യോഗത്തിനായി കയറിയ പ്രിൻസിപ്പാൾ ഉൾപ്പെടുന്ന അധ്യാപകരെ മൂന്നര മണിക്കൂറോളം നേരം തടഞ്ഞു വെക്കുകയായിരുന്നു. പ്രതിഷേധം കടുത്തതോടെ ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി. തുടർന്നാണ് തടഞ്ഞുവെച്ച അധ്യാപകരെ പുറത്തിറക്കിയത്. കോളേജ് അധികൃതർക്ക് ഇരു വിഭാഗങ്ങളിൽ നിന്നായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 4 കെ എസ് യു പ്രവർത്തകരെയും 7 എസ് എഫ് ഐ പ്രവർത്തകരെയും സസ്പെൻഡ് ചെയ്തതായി അറിയിച്ചു.