യുഡിഎഫ് സർക്കാരിന്‍റെ  കാലത്ത് നടന്ന കോഴയുടെ തനിയാവർത്തനം.ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ല

കോഴിക്കോട്: മദ്യനയത്തില്‍ ഇളവ് കിട്ടാന്‍ ബാര്‍ ഉടമകള്‍ കോഴ നല്‍കാന്‍ പിരിവിന് ആഹ്വാനം നല്‍കിയെന്ന ആക്ഷേപത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ,സുരേന്ദ്രന്‍. രണ്ടാം ബാർ കോഴയിൽ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നതാണ്.യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന കോഴയുടെ തനിയാവർത്തനമാണിത്. സര്‍ക്കാര്‍ മദ്യ നയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

എക്സൈസ്, ടൂറിസം വകുപ്പുകൾ ചേർന്ന് എടുത്ത തീരുമാനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ല.കേവലം പണപ്പിരിവ് മാത്രമായി പറയാൻ കഴിയില്ലെന്നും കെ,സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭ അറിഞ്ഞു കൊണ്ടാണോ ടൂറിസം എക്സൈസ് വകുപ്പുകൾ യോഗം ചേർന്നതെന്ന് വ്യക്തമാക്കണം. രണ്ടാം ബാർ കോഴ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം എക്സൈസ് മന്ത്രി രാജി വെക്കണം. ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ല. മഴക്കാല പൂർവ ശുചീകരണം പോലും നടന്നിട്ടില്ല. ഈ സമയത്ത് ആണ് മന്ത്രി എം ബി രാജേഷ് വിദേശത്ത് പോയതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു

'മന്ത്രി എംബി രാജേഷ് വിദേശത്ത് നിന്നും തിരിച്ചു വരുന്നത് ദുബൈ വഴിയാണോന്ന് മാത്രം ഇനി അറിഞ്ഞാൽ മതി'