തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം 2020 ഗൗരവമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. വിവിധ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ കാര്യത്തിൽ വ്യത്യസ്ത നിലപാടുകാരാണ്. ഓരോ പ്രദേശത്തിന്റെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പലസംസ്ഥാനങ്ങളും മുന്നേറിയത്.  പുതിയ ഘടന അധികാര കേന്ദ്രീകരണത്തിലേക്ക് നയിക്കാൻ ഇടയാക്കുമെന്നും ഫെഡറലിസത്തിന്റെ നിരാസമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെടി ജലീലും കേന്ദ്ര നയത്തെ എതിർത്തു.

ഇന്ത്യയുടെ ഫെഡറൽ ഘടനയുടെ സാധ്യത പ്രയോജനപ്പെടുത്താൻ സഹായകമായ നയങ്ങൾ നിലനിന്നതിനാലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നേറാൻ കഴിഞ്ഞതെന്ന് രവീന്ദ്രനാഥ് പറഞ്ഞു.കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തിയ, പത്താം ക്ലാസുവരെയുള്ള പൊതുപഠനവും പന്ത്രണ്ടാം ക്ലാസുവരെ വിവിധ ഗ്രൂപ്പുകളായുള്ള പഠനവും ഏകപക്ഷീയമായി ഇല്ലാതാക്കുകയാണ്. ഒരു തയ്യാറെടുപ്പുമില്ലാതെ പുതിയ ഘടന അടിച്ചേല്പിക്കുകയും ചെയ്യുന്നത് അപലപനീയമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങിയ കാര്യങ്ങൾ പാടേ തമസ്കരിക്കുന്ന ഒരു നയമാണ് പുതിയ നയമായി വന്നിരിക്കുന്നത്.  ഇതേവരെ രാജ്യം കൈക്കൊണ്ട വികേന്ദ്രീകൃതമായ നടത്തിപ്പ് കാര്യങ്ങൾ ഫലത്തിൽ അമിത കേന്ദ്രീകരണത്തിന് ഇടയാക്കുന്ന ഈ നയം വിദ്യാഭ്യാസരംഗത്തെ കുതിപ്പിലേക്കല്ല, കിതപ്പിലേക്കാണ് നയിക്കുക.

ദേശീയ വിദ്യാഭ്യാസ നയം ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ വൽക്കരണം ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ വിമർശിച്ചു. കോളേജുകളുടെ അഫിലിയേഷൻ സംവിധാനം സ്വയം ഭരണത്തിലേക്ക് മാറുന്നത് തിരിച്ചടി ഉണ്ടാക്കും. പാർലമെൻറിൽ ചർച്ച ചെയ്യാതെയുള്ള നിയമം ഫെഡറലിസം തകർക്കുന്നതാണെന്നും ജലീൽ പ്രസ്താവനയിലൂടെ വിമർശിച്ചു.