സഹകരണവകുപ്പ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്, ഏത് അന്വേഷണം വേണമെന്ന് ആവശ്യപ്പെടേണ്ടത് താനല്ല. ഇഡി വിളിപ്പിച്ചത് ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്, മുഖ്യമന്ത്രി വിളിപ്പിച്ചിട്ടില്ലെന്നും സാധാരണ പോലെ കണ്ടതാണെന്നും ജലീൽ പറയുന്നു. 

കൊച്ചി: എആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ടി ജലീൽ. ചന്ദ്രിക കള്ളപ്പണക്കേസിൽ മൊഴി നൽകിയ ശേഷം ഇ‍‍ഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ജലീലിൻ്റെ പ്രതികരണം. സഹകരണവകുപ്പ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്, ഏത് അന്വേഷണം വേണമെന്ന് ആവശ്യപ്പെടേണ്ടത് താനല്ല. ഇഡി വിളിപ്പിച്ചത് ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്, മുഖ്യമന്ത്രി വിളിപ്പിച്ചിട്ടില്ലെന്നും സാധാരണ പോലെ കണ്ടതാണെന്നും ജലീൽ പറയുന്നു. 

ചന്ദ്രിക പത്രത്തിൻറെ അക്കൗണ്ട് വഴി പത്ത് കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് കെ ടി ജലീല്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് തെളിവുകള്‍ കൈമാറിയത്. കള്ളപ്പണം ഉപയോഗിച്ച് പി കെ കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ ഭൂമി ഇടപാടുകൾ ഉള്‍പ്പെടെയുള്ളവയുടെ രേഖകളാണ് കൊച്ചിയിലെ ഇ ഡി ആസ്ഥാനത്തെത്തി കൈമാറിയത്. ഈ മാസം 16 ന് കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്യുമെന്നും കെടി ജലീല്‍ പറഞ്ഞു. വൈകിട്ട് നാലരയക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ഏഴ് മണിവരെ നീണ്ടു.

കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിയെ ഈ മാസം 16 നും മെയിൻ അലി ശിഹാബ് തങ്ങളെ 17 നും ഇഡി ചോദ്യം ചെയ്യുമെന്നാണ് ജലീല്‍ പറഞ്ഞത്. തെളിവുകൾ സഹിതം ആരോപണം ഉയര്‍ന്നിട്ടും കുഞ്ഞാലിക്കുട്ടി മൗനം പാലിക്കുന്നതിനെ ജലീല്‍ ചോദ്യം ചെയ്തു. 

ലീഗിനെതിരായ നിലപാടിൽ സിപിഎം പിന്തുണയുണ്ടെന്നും അതിൽ സംശയമില്ലെന്നും ജലീൽ പറയുന്നു. വിജിലൻസ് അന്വേഷണം വേണമോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കും, ശക്തമായ നടപടി സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ജലീൽ പറഞ്ഞു.

നോട്ട് നിരോധന കാലത്ത് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്‍റെ രണ്ട് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ കിട്ടിയ പണം വെളുപ്പിച്ചതിൽ പി കെ കുഞ്ഞാലിക്കുട്ടിക്കും പങ്കുണ്ടെന്ന് ജലീൽ ആരോപിച്ചിരുന്നു. കഴിഞ്ഞ രണ്ടാം തീയതി കെ ടി ജലീലിൻ്റെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച തെളിവുകള്‍ കൈമാറാന്‍ ജലിലീനെ ഇഡി വിളിച്ചുവരുത്തുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona