അനുജന്‍റെ ലഹരി ഇടപാടുമായി ഫിറോസിന് ബന്ധം ഉണ്ടെന്നു പറഞ്ഞാൽ തെറ്റ് പറയാൻ ആകുമോയെന്നും കെടി ജലീൽ ചോദിച്ചു.
മലപ്പുറം: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെതിരെയും ലീഗിനെതിരെയും തുറന്നടിച്ച് കെടി ജലീൽ എംഎൽഎ. മുസ്‌ലിം ലീഗ് മയക്കുമരുന്ന് വിൽക്കുന്നവരുടെയും സാമ്പത്തിക തട്ടിപ്പ് കാരുടെയും പാർട്ടിയായിയെന്നും ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ വർഷങ്ങളായി രാസ ലഹരി ഉപയോഗിക്കുന്നുവെന്നും ഫിറോസ് എന്തുകൊണ്ട് ഇക്കാര്യം പൊലീസിനെ അറിയിച്ചില്ലെന്നും കെടി ജലീൽ ചോദിച്ചു.
അറിഞ്ഞിട്ടും വസ്തുത ഫിറോസ് മറച്ചു വച്ചത് തെറ്റല്ലേ? എത്രയോ ചെറുപ്പക്കാരെ ഫിറോസിന്‍റെ അനുജൻ ലഹരി മേഖലയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ബുജൈറിന്‍റെ നിഗൂഢ യാത്രകൾ പൊലീസ് അന്വേഷിക്കണം. ഫിറോസിന്‍റെ സാമ്പത്തിക സ്രോതസ് എന്താണ്? അനുജന്‍റെ ലഹരി ഇടപാടുമായി ഫിറോസിന് ബന്ധം ഉണ്ടെന്നു പറഞ്ഞാൽ തെറ്റ് പറയാൻ ആകുമോയെന്നും കെടി ജലീൽ ചോദിച്ചു.
പി. കെ. ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകും. ഒരു പണിയും ഇല്ലാത്ത ഫിറോസ് എങ്ങനെ ഒരു കോടി ചെലവാക്കി വീട് വെച്ചു? ഫിറോസ് സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണം. വയനാട് പുനരധിവാസം മുസ്ലിംലീഗ് കാണുന്നത് വളരെ ലാഘവത്തോടെയാണ്. ഒരു വീട് പണിപോലും തുടങ്ങാൻ ആയില്ലല്ലോ. മത സംഘടനകൾ എന്ത് കൊണ്ട് ലീഗിനെ ഉപദേശിക്കുന്നില്ലെന്നും കെടി ജലീൽ ചോദിച്ചു.
താൻ യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനത്ത് ഇരുന്നിട്ടുള്ളയാളാണ്. അവിടെ ഇരുന്നാണ് ഫിറോസ് തോന്നിവാസം കാണിക്കുന്നത്. അപ്പോള്‍ താൻ പ്രതികരിക്കേണ്ടയെന്നും കെടി ജലീൽ ചോദിച്ചു.



