കേസിൽ പികെ ഫിറോസിന്റെ പങ്കും അന്വേഷിക്കണമെന്നും പികെ ബുജൈറിന് കിട്ടുന്ന സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ബിനീഷ് കൊടിയേരി
കോഴിക്കോട്: പികെ ബുജൈർ ലഹരി കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ പികെ ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവച്ച് മാതൃക കാണിക്കുമോ എന്ന് ബിനീഷ് കൊടിയേരി. കേസിൽ പികെ ഫിറോസിന്റെ പങ്കും അന്വേഷിക്കണമെന്നും പികെ ബുജൈറിന് കിട്ടുന്ന സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ബിനീഷ് കൊടിയേരി ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനീഷ്.
മുൻപ് പല കേസുകളിലും പി കെ ഫിറോസും യൂത്ത് ലീഗും എടുത്ത നിലപാട് ഇവിടെയും ആവർത്തിക്കുമോയെന്നും ബിനീഷ് കൊടിയേരി ചോദിച്ചു. മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസിലാണ് അറസ്റ്റിലായത്. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറയുന്നു. ലഹരി ഇടപാടിൽ പങ്കുണ്ടെന്ന് മറ്റൊരു പ്രതിയുടെ കുറ്റസമ്മത മൊഴി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ലഹരിമരുന്നു കേസിൽ കുന്ദമംഗലം സ്വദേശി റിയാസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയിൽ നിന്നാണ് ബുജൈറിന്‍റെ ലഹരി മരുന്ന് ബന്ധം വ്യക്തമായതെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു. റിയാസും ബുജൈറും ലഹരി ഇടപാട് നടത്തിയതിന്‍റെ വാട്സ്ആപ്പ് ചാറ്റും പൊലീസ് കണ്ടെത്തി.
സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ ചെന്നപ്പോൾ പികെ ബുജൈർ പൊലീസിനെ കയ്യേറ്റം ചെയ്തു. ബുജൈറിനെതിരെ ബി എൻ എസ് 132 , 121 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പ് അടക്കം ചേര്‍ത്താണ് കേസ്. ലഹരി ഉപയോഗത്തിനായുള്ളതെന്ന് സംശയിക്കുന്ന വസ്തുക്കൾ ബുജൈറിന്‍റെ കാറിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കുന്ദമംഗലം പൊലീസാണ് ബുജൈറിനെ അറസ്റ്റ് ചെയ്തത്.



