Asianet News MalayalamAsianet News Malayalam

'ന്യൂനപക്ഷഫണ്ട് വിവാദം: ക്രിസ്ത്യൻ വിഭാഗത്തിന് തെറ്റിദ്ധാരണ, അത് നീക്കും': കെ ടി ജലീൽ

സച്ചാർ കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനത്തിലാണ് കേരളത്തിൽ 80 : 20 അനുപാതത്തിൽ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. കേരളത്തിൽ മുസ്ലിം വിഭാഗം പ്രത്യേക സംവരണത്തിന് അർഹരാണെന്നും ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി കെ ടി ജലീൽ.

kt jaleel on minority scholarship controversy
Author
Malappuram, First Published Jan 23, 2021, 4:30 PM IST

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്‍റെ ഫണ്ട് വിതരണത്തിൽ അനീതിയുണ്ടെന്ന ക്രിസ്ത്യൻ മതസമൂഹത്തിന്‍റെ പരാതി അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധാരണ മൂലമാണെന്നും ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി കെ ടി ജലീൽ. അത്തരത്തിലുള്ള തെറ്റിദ്ധാരണ നീക്കാനുള്ള നടപടികൾ നീക്കാൻ സർക്കാർ ഇടപെടും. ക്രിസ്ത്യൻ മതസമൂഹങ്ങൾക്കായി പ്രത്യേക പാക്കേജ് സർക്കാർ നടപ്പിലാക്കും. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ 80 : 20 അനുപാതത്തിൽ ന്യൂനപക്ഷക്ഷേമസ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. അതിൽ തെറ്റില്ലെന്നും, കേരളത്തിലെ അവശരായ മുസ്ലിം വിഭാഗം പ്രത്യേക സംവരണത്തിന് അർഹരാണെന്നും മന്ത്രി പറഞ്ഞു. 

ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് അത് പരിഹരിക്കാൻ ചരിത്രത്തിലാദ്യമായി ഒരു കമ്മീഷനെ നിയോഗിച്ചത് ഈ സർക്കാരാണെന്ന് കെ ടി ജലീൽ പറഞ്ഞു. അത്തരത്തിൽ ഒരു തെറ്റിദ്ധാരണയും ക്രിസ്ത്യൻ സമൂഹത്തിന് വേണ്ടതില്ല. ക്രിസ്ത്യൻ സമൂഹത്തിന് വേണ്ട പ്രത്യേക പാക്കേജ് സർക്കാർ നടപ്പിലാക്കും. തെറ്റിദ്ധാരണ ഉണ്ടെങ്കിൽ നീക്കും. സർക്കാരിന് അങ്ങനെ ആരോടും പ്രത്യേക മമതയോ പരിഗണനയില്ലായ്മയോ സർക്കാരിനില്ലെന്നും മന്ത്രി പറയുന്നു. 

സംസ്ഥാനത്തെ ന്യൂനപക്ഷവകുപ്പിന്‍റെ ഫണ്ട് വിതരണത്തിൽ അനീതിയുണ്ടെന്ന പരാതി ക്രിസ്ത്യൻ സഭാ നേതാക്കൾ പ്രധാനമന്ത്രിയുടെ അടക്കം മുന്നിലെത്തിച്ചിരുന്നു. സ്കോളർഷിപ്പ് വിതരണാനുപാതത്തിൽ പ്രശ്നമുണ്ടെന്ന ആരോപണവും അതിന് ശേഷം സഭാനേതാക്കൾ പരസ്യമായി ഉന്നയിച്ചു. ന്യൂനപക്ഷവകുപ്പ് മുസ്ലിം ക്ഷേമവകുപ്പായി പ്രവർത്തിക്കുന്നുവെന്ന ആരോപണമടങ്ങിയ ലേഖനം ദീപിക ദിനപത്രത്തിലും വന്നിരുന്നു. ഇതേവരെ ഈ ആരോപണങ്ങളോട് മന്ത്രിയോ വകുപ്പോ മറ്റ് നേതാക്കളോ പ്രതികരിച്ചിരുന്നില്ല. 

പ്രധാനമന്ത്രിയുമായി സംസ്ഥാനത്തെ ക്രിസ്ത്യന്‍ സഭാ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലെ പ്രധാന വിഷയം ന്യൂനപക്ഷ വകുപ്പിന്‍റെ ഫണ്ട് വിനിയോഗം സംബന്ധിച്ച പരാതി തന്നെയായിരുന്നു. സ്കോളർഷിപ്പ് ഉള്‍പ്പെടെ ന്യൂനപക്ഷ പദ്ധതികള്‍ 80 : 20 അനുപാതത്തിലാണ് കേരളത്തില്‍ വിതരണം ചെയ്യുന്നതെന്നാണ് സഭാ നേതൃത്വം ഉന്നയിച്ച പ്രധാനപരാതികളിലൊന്ന്. ന്യൂനപക്ഷ വകുപ്പിലെ നിയമനങ്ങളില്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ല തുടങ്ങിയ പരാതികളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സഭാനേതാക്കൾ ഉന്നയിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇവയ്ക്കെല്ലാം ചേർത്താണ് കെ ടി ജലീൽ ഇപ്പോൾ ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്.

Follow Us:
Download App:
  • android
  • ios