തൃശ്ശൂര്‍:  സാങ്കേതിക സര്‍വ്വകലാശാലയില്‍ നടത്തിയ അദാലത്ത് നിയമവിരുദ്ധമാണെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാതെ മന്ത്രി കെ ടി ജലീല്‍.  റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് മാധ്യമങ്ങളോട് ജലീല്‍ പറഞ്ഞത്. തോറ്റ വിദ്യാര്‍ത്ഥിയുടെ പുനര്‍മൂല്യനിര്‍ണയം ഗവര്‍ണര്‍ റദ്ദാക്കിയോ? അതിന്‍റെയര്‍ത്ഥം എന്താണെന്നും ജലീല്‍ ചിരിച്ചുകൊണ്ട് മാധ്യമങ്ങളോട് ചോദിച്ചു.

മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സർവ്വകലാശാല ഉദ്യോഗസ്ഥന്മാരും പങ്കെടുത്ത്‌ അദാലത്ത് സംഘടിപ്പിച്ചതും  തീരുമാനങ്ങൾ കൈക്കൊണ്ടതും ക്രമവിരുദ്ധമാണെന്നാണ് ഗവർണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തോറ്റ  ഒരു  ബിടെക് വിദ്യാർഥിയുടെ ഉത്തര കടലാസ് മൂന്നാമത് മൂല്യനിർണയം നടത്തിയ അദാലത്ത് തീരുമാനം റദ്ദാക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിന്മേൽ  ഇടപെടാത്തതും നടപടി റദ്ദാക്കാത്തതും വിദ്യാര്‍ത്ഥിയുടെ ഭാവിയെക്കരുതിയാണെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

മന്ത്രിയുടെ നിർദ്ദേശാനുസരണം സർവ്വകലാശാല അദാലത്  സംഘടിപ്പിച്ചതും,  അദാലത്തിൽ തോറ്റ ബിടെക് വിദ്യാർത്ഥിയെ വീണ്ടും മൂല്യനിർണയം നടത്തി വിജയിപ്പിക്കാൻ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കുകയായിരുന്നു. സർവകലാശാലാ അധികൃതർക്ക്  നിർദ്ദേശങ്ങളും ശുപാർശകളും നൽകാനായി  അദാലത്തുകൾ സംഘടിപ്പിക്കാമെന്നു സർവ്വകലാശാല ചട്ടങ്ങൾ  അനുശാസിക്കുന്നില്ലെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിയെയും  പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും   ഉൾപ്പെടുത്തി   ഫയൽ അദാലത്ത്കമ്മിറ്റി  രൂപീകരിച്ചതും തീരുമാനങ്ങൾ  കൈക്കൊണ്ടതും  യൂണിവേഴ്സിറ്റി  ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന്  വ്യക്തമാക്കാൻ  തനിക്ക് ഒരു മടിയും ഇല്ലെന്ന് ഗവർണർ ഉത്തരവിൽ പറയുന്നു.

Read Also: സാങ്കേതിക സര്‍വ്വകലാശാലയിലെ അദാലത്ത് നിയമവിരുദ്ധം; മന്ത്രി ജലീലിനെതിരെ ഗവര്‍ണറുടെ റിപ്പോര്‍ട്ട്