കൊച്ചി: സ്വത്ത് വിവരം എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് മുന്നിൽ വെളിപ്പെടുത്തി മന്ത്രി കെടി ജലീൽ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ്അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി ആവശ്യപ്പെട്ടത് ആനുസരിച്ചാണ് സ്വത്ത് വിവരം ഒദ്യോഗികമായി അറിയിച്ചത്. പത്തൊമ്പതര സെന്‍റും വീടുമാണ് തനിക്കുള്ളതെന്നാണ് ഇഡിക്ക് നൽകിയ സ്വത്ത് വിവരങ്ങളിൽ കെടി ജലീൽ പറയുന്നത്. ഭാര്യയോ മക്കളോ സ്വര്‍ണം ധരിക്കുന്നവരല്ല, ഒരു തരി സ്വര്‍ണം പോലും വീട്ടിലില്ലെന്നും കെടി ജലീൽ പറയുന്നു. 

കനാറ ബാങ്ക് വാളഞ്ചേരി ശാഖയിലെ 5 ലക്ഷം രൂപയുടെ ഹോം ലോൺ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ 2 കോപ്പറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകൾ. 1.50 ലക്ഷം രൂപയിൽ താഴെ വരുന്ന ഫർണിച്ചറുകളും 1500 പുസ്തകളും വീട്ടിലുണ്ട് . നാലര ലക്ഷം രൂപ സ്വന്തം സമ്പാദ്യമായി കയ്യിലുണ്ടെന്നും  27 വർഷത്തെ ശമ്പള സമ്പാദ്യമായി  22 ലക്ഷം രൂപ  ഭാര്യയുടെ കൈവശമുണ്ടെന്നും സ്വത്ത് വിവരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

36000 രൂപ മകൾക്ക് ബാങ്ക് ബാലൻസായി ഉണ്ട്. മകന്‍റെ ബാങ്ക് ബാലൻസ് 500 രൂപമാത്രമാണെന്നും മന്ത്രി പറയുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ 6 തവണയാണ് വിദേശ യാത്ര നടത്തിയത്. 2 തവണ യുഎഇയിലേക്ക് യാത്ര ചെയ്തു.  ഒരു തവണ റഷ്യയിലും, 1 തവണ അമേരിക്കയിലും, 1 തവണ മാലി ദ്വീപിലും, 1 തവണ ഖത്തറിലും പോയിട്ടുണ്ടെന്നും മന്ത്രി എൻഫോഴ്മെന്‍റ് ഡയറക്ടേറ്റിന് മുന്നിൽ വ്യക്തമാക്കി.