കാന്തപുരം സംസാരിച്ചത് മതശാസന കാര്യങ്ങൾ ആണെന്നാണ് കെ ടി ജലീൽ പ്രതികരിച്ചത്. കാന്തപുരം പറഞ്ഞതിൽ പൊതുസമൂഹത്തിന് സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് പറയാനുള്ള മതപണ്ഡിതരുടെ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനാവില്ലെന്ന് കെ ടി ജലീൽ പറയുന്നു.
മലപ്പുറം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ കെടി ജലീൽ. കാന്തപുരം സംസാരിച്ചത് മതശാസന കാര്യങ്ങൾ ആണെന്നാണ് കെ ടി ജലീൽ പ്രതികരിച്ചത്. കാന്തപുരം പറഞ്ഞതിൽ പൊതുസമൂഹത്തിന് സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് പറയാനുള്ള മതപണ്ഡിതരുടെ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനാവില്ല. പുരോഗമനവാദികൾ അതിനെ എതിർക്കുന്നത് അവരുടെയും അവകാശമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അന്നില്ലാത്ത കോലാഹലം ഇക്കാര്യത്തിൽ ഉണ്ടാക്കാൻ ശ്രമിക്കരുത്. ലീഗിന്റെയും ഹരിതയുടെയും നിലപാട് ഇസ്ലാമിക പൊതുവിശ്വാസത്തിന് വിരുദ്ധമായ സാഹചര്യത്തിലാണ് കാന്തപുരം മുസ്ലിങ്ങളെ ജാഗ്രതപ്പെടുത്താൻ പ്രസ്താവന ഇറക്കിയതെന്നും കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു.
നബിദിന റാലി ഇവിടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെയും അവരുടെ പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചത്. സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് അടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്. പൊതുസമൂഹത്തിൽ വലിയ വിവാദമായി സർക്കുലർ മാറിയെങ്കിലും മുഖ്യധാര രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കാൻ മടിച്ചു നിൽക്കുകയായിരുന്നു.
കാന്തപുരത്തെ തള്ളാതെ ലീഗ് നേതാക്കൾ
സ്ത്രീവിരുദ്ധ സർക്കുലർ വിഷയത്തിൽ കാന്തപുരത്തെ തള്ളാതെ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കാന്തപുരത്തെ തള്ളിപ്പറഞ്ഞുവെങ്കിലും വിഷയത്തിൽ ലീഗ് തന്ത്രപരമായ നിലപാട് ആണ് സ്വീകരിക്കുന്നത്. സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവന ആകാമെന്നും വാർത്തനക കാലത്ത് സ്ത്രീകൾ വേട്ടയാടപ്പെടുന്നുവെന്നുമാണ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞത്. സാമൂഹ്യ അവസ്ഥയെ ആകും കാന്തപുരം ഉദ്ദേശിച്ചത്. മത പണ്ഡിതന്റെ അഭിപ്രായമാണതെന്നും സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള അഭിപ്രായത്തോട് ചേർന്ന് നിൽക്കുക എന്നതാണ് ലീഗ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.


