കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ. ഇത് സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവന ആകാമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കാന്തപുരത്തെ വിമർശിച്ച സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത സംഘടനകൾ രംഗത്തെത്തി.
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ. സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവന ആകാമെന്നും വാർത്തനക കാലത്ത് സ്ത്രീകൾ വേട്ടയാടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ അവസ്ഥയെ ആകും കാന്തപുരം ഉദ്ദേശിച്ചത്. മത പണ്ഡിതന്റെ അഭിപ്രായമാണതെന്നും സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള അഭിപ്രായത്തോട് ചേർന്ന് നിൽക്കുക എന്നതാണ് ലീഗ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെയും സമുദായത്തിന്റെയും ഐക്യമാണ് പ്രധാനമെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതിയെന്ന് എസ്എസ്എഫ് പറഞ്ഞു. പൊതുസമൂഹത്തിന് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷ, കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള സമ്മതിയല്ല. ലോകമെമ്പാടും പരാജയപ്പെട്ട് ചരിത്രത്തിൻറെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ വരേണ്ടതില്ലെന്ന് എസ്‍വൈഎസ് മുന്നറിയിപ്പ് നൽകി.
ഇത്തരം നിലപാടുകൾ ബാക്കി കൂടെ ഇല്ലാതാക്കാനാണ് ഉപകരിക്കുക. വിശ്വാസി സമൂഹത്തിന്റെ ആചാര മര്യാദകൾക്ക് നേരെ കപട പുരോഗമനത്തിന്റെ ക്ലാസ് എടുക്കാൻ വരുന്ന പാർട്ടി നേതാക്കളുടെ ഇരട്ടത്താപ്പ് ദാരിദ്ര്യവും പരിഹാസ്യവും ആണെന്നും എസ്‍വൈഎസ് വിമർശിച്ചു. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉണ്ടായ സിപിഎം നേതാക്കളുടെ വിമർശനത്തിന് പിന്നാലെയാണ് വിമർശനം.

