കുമരകം: കുമരകത്തെ ടൂറിസം രംഗത്തിന് ഉണര്‍വ് പകര്‍ന്ന് കെടിഡിസിയുടെ നവീകരിച്ച പ്രീമിയം റിസോര്‍ട്ട് വാട്ടര്‍ സ്‌കേപ്‌സ് തുറന്നു. വേമ്പനാട്ടു കായലിന്‍റെ തീരത്ത് 15 കോടി രൂപ ചിലവില്‍ നവീകരണം പൂര്‍ത്തീകരിച്ച റിസോര്‍ട്ടിന്റെ ഉദഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

സ്വകാര്യ ആഡംബര റിസോർട്ടുകളെ വെല്ലുന്ന് നിർമ്മിതി. 40 കബാനകള്‍, മള്‍ട്ടി കുസിന്‍ റസ്‌റ്റോറന്റ്, കോണ്‍ഫറന്‍സ് ഹാള്‍, സുപ്പീരിയര്‍ ലേക് വ്യൂ, കനാല്‍ വ്യൂ, ഗാര്‍ഡന്‍ വ്യൂ, എന്നിവയൊക്കെയായി പ്രകൃതിയോട് അലിഞ്ഞു ചേരുന്ന രീതിയിലാണ് കുമരകത്തെ കെടിഡിസിയുടെ പ്രീമിയം റിസോര്‍ട്ടായ വാട്ടര്‍ സ്‌കേപ്‌സ് നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

കുമരകം പക്ഷിസങ്കേതം ഉള്‍പ്പെടെ 102 ഏക്കറിലാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. 2017 ഏപ്രിലിലാണ് റിസാര്‍ട്ട് നവീകരണത്തിനായി അടച്ചത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാമായിരുന്ന പദ്ധതി അനന്തമായി നീണ്ടുപോയി. 12.65 കോടിയുടെ സര്‍ക്കാര്‍ സഹായം ഉള്‍പ്പെടെ 15 കോടിയുടെ പുനരുദ്ധാരണ പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്.

വിശാലമായ പുല്‍ത്തകിടിയും അതിഥികള്‍ക്ക് റിസോര്‍ട്ടിനകത്ത് സഞ്ചരിക്കാന്‍ ഇലക്ട്രിക് ബഗ്ഗിയും കായലില്‍ ബോട്ടിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊച്ചി, മൂന്നാര്‍, തേക്കടി, കുമരകം, കോവളം എന്നീ ടൂറിസം സങ്കേതങ്ങളിലുള്ള കെടിഡിസിയുടെ പ്രീമിയം റിസോര്‍ട്ടുകളെ ബന്ധിപ്പിച്ച് ടൂര്‍ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.