സമാനതകളില്ലാത്ത സ്ത്രീ മുന്നേറ്റത്തിന്‍റെ ചുരുക്കപ്പേരാണ് കുടുംബശ്രീ. കാല്‍നൂറ്റാണ്ട് കൊണ്ട് കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്‍റെ നെടുംതൂണായി മാറി ഈ കൂട്ടായ്മ

തിരുവനന്തപുരം: ഈ വർഷത്തെ ഏഷ്യാനെറ്റ് ന്യൂസ് ടിഎൻജി പുരസ്കാരം കുടുംബശ്രീക്ക്. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റോറിയൽ ബോർഡാണ് ആറാമത് ടിഎൻജി പുരസ്കാരത്തിനായി, കുടുംബശ്രീയെ തെരഞ്ഞെടുത്തത്. സ്ത്രീകളുടെ സ്വയം പര്യാപ്തതയ്ക്കും ശാക്തീകരണത്തിനും നൽകിയ സംഭാവനങ്ങൾ പരിഗണിച്ചാണ് കുടുംബശ്രീക്ക് പുരസ്കാരം. 2 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. ശനിയാഴ്ച തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.

YouTube video player

സമാനതകളില്ലാത്ത സ്ത്രീ മുന്നേറ്റത്തിന്‍റെ ചുരുക്കപ്പേരാണ് കുടുംബശ്രീ. കാല്‍നൂറ്റാണ്ട് കൊണ്ട് കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്‍റെ നെടുംതൂണായി മാറി ഈ കൂട്ടായ്മ. ഇന്ന് 45 ലക്ഷത്തോളം വനിതകൾ കുടുംബശ്രീയിൽ കണ്ണികളായുണ്ട്. ചെറുപദ്ധതികളില്‍ തുടങ്ങി വമ്പന്‍ സംരംഭങ്ങളില്‍ വരെ എത്തിനില്‍ക്കുന്നതാണ് കുടുംബശ്രീയുടെ ഗ്രാഫ്.

YouTube video player

അച്ചാര്‍ മുതല്‍ ഐടി വരെ നീളുന്ന വിശ്വാസ്യതയുടെ ബ്രാന്‍ഡ് നെയിമാണ് കുടുംബശ്രീ. കേരളത്തിന്‍റെ മുഖശ്രീ. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് 1998 ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അടുക്കളയില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ വീട്ടമ്മമാരെ അരങ്ങിലെത്തിച്ച കൂട്ടയ്മയാണ്. മൂന്നുലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളാണ് ഒന്നുചേരുന്നത്. കുടുംബശ്രീയുടെ പെണ്‍പട കഴിവുകാട്ടാത്ത ഒരു തൊഴിലിടവും ഇന്ന് കേരളത്തിലില്ലെന്നത് ഈ കൂട്ടായ്മയെ കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്നു.

അധികാരം ജനങ്ങളിലേക്കെന്ന് പ്രഖ്യാപിച്ച ജനകീയാസൂത്രണകാലത്തെ വിത്താണ് കുടുംബശ്രീ. വീട്ടമ്മമാര്‍ വഴി വീട്ടകങ്ങളിലേക്കും അവിടെ നിന്ന് സമൂഹത്തിന്റെ വിശാലതകളിലേക്കും വാതിൽ തുറന്നിട്ട മഹാ പ്രസ്ഥാനം. ആദ്യം പകച്ചും പിന്നെ സംശയിച്ചും നിന്നവര്‍ക്ക് മുന്നിലേക്ക് പലതുള്ളി പെരുവെള്ളം പോലെ കേരളത്തിന്റെ പെൺപട നടന്ന് കയറി. ആഹാരവും പാര്‍പ്പിടവും വസ്ത്രവുമടക്കം അടിസ്ഥാന ആവശ്യങ്ങളിലായിരുന്നു തുടക്കം. അയൽക്കൂട്ടങ്ങളുണ്ടാക്കി പ്രതിസന്ധികളോട് പൊരുതി. 

മൈക്രോ ഫൈനാൻസ് വായ്പകൾ ലഭ്യമാക്കി സംസ്ഥാനത്തെ വീട്ടമ്മമാർക്ക് സാമ്പത്തിക സുരക്ഷിതത്വമുണ്ടാക്കി. വിദ്യാഭ്യാസസും തൊഴിലും കുടിവെള്ളവും ഗതാഗത സൗകര്യവുമെല്ലാം പിന്നാലെ പരിഗണനകളിലേക്കെത്തി. ഏറ്റവുമൊടുവിൽ സ്വയം തൊഴിലിന്റെയും സ്വയംപര്യാപ്തതയുടേയും ആത്മാഭിമാനത്തിന്‍റെയും ഒറ്റപേരായി കുടുംബശ്രീ മാറുകയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ വനിതാ സംഘടനാ സംവിധാനമെന്ന് കുടുംബശ്രീയെ വിശേഷിപ്പിക്കാം. സ്ത്രീ മുന്നേറ്റ ചരിത്രത്തിന് കടുംബശ്രീയോളം വലിയ മറ്റൊരു ബദൽ മുന്നോട്ട് വയക്കാൻ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല. അയൽക്കൂട്ടങ്ങളിൽ നിന്ന് അതിരുകളില്ലാത്ത ലോകത്തേക്കുള്ള വളര്‍ച്ചയാണ് കേരളത്തിന്‍റെ കാല്‍നൂറ്റാണ്ടില്‍ കുടുംബശ്രീയെ അടയാളപ്പെടുത്തുന്നത്.