തിരുവനന്തപുരം: കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിന്മേലാണ് പ്രദീപ് കുമാറിനെതിരായ നടപടി. ഉഭയകക്ഷി സമ്മത പ്രകാരം ഉള്ള ബന്ധമാണ് നടന്നതെന്നാണ് യുവതി പിന്നീട് കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയത്.

കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ ഭരതന്നൂരിലെ വീട്ടിൽ വച്ച് കുളത്തൂപ്പുഴ സ്വദേശിനിയെ പീ‍ഡിപ്പിച്ചെന്നാണ് കേസ്. സെപ്റ്റംബർ മൂന്നിനാണ് പരാതിക്കാസ്പദമായ സംഭവം. നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവതി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് വേണ്ടിയായിരുന്നു പ്രദീപിനെ സമീപിച്ചത്. 

ഭരതന്നൂരിലെ വീട്ടിലെത്തിയാൽ സ‍ർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സംഭവം ഏറെ വിവാദമായതിന് പിന്നാലെ പാങ്ങോട് പൊലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തു. റിമാന്റിൽ കഴിയുകയായിരുന്ന പ്രദീപ് കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി സത്യവാങ്ങ്മൂലം സമർപ്പിച്ചത്. പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്.

യുവതിയുടെ വെളിപ്പെടുത്തലിനെ കുറിച്ചും മുൻ മൊഴിയിൽ നിന്നും പിന്മാറായിതിനെ കുറിച്ചും വിശദമായി അന്വേഷിക്കാനാണ് ഡിജിപിക്ക് ഹൈക്കോടതി നൽകിയ നിർദ്ദേശം. സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിച്ചത്. 

ഇതിനിടെയാണ് സസ്പെൻഷനിലായിരുന്ന പ്രദീപിനെ ആരോഗ്യവകുപ്പ് സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്. നേരത്തെ ആരോഗ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പ്രദീപിനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർനടപടിയുടെ ഭാഗമായാണ് പിരിച്ചുവിടൽ.