ബന്ധുക്കൾ പണം തട്ടിയെന്ന കുമരകത്തെ രാജപ്പൻറെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കുമരകം: ബന്ധുക്കൾ പണം തട്ടിയെന്ന കുമരകത്തെ രാജപ്പൻറെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാജപ്പനെ കൊണ്ട് പരാതി പിൻവലിപ്പിക്കാൻ തനിക്ക് സമ്മർദ്ദവും ഭീഷണിയുമുണ്ടെന്ന് സഹോദര പുത്രൻ സതീഷ് ആരോപിച്ചു. ബാങ്കിൽ നിന്ന് എടുത്ത അഞ്ച് ലക്ഷം തനിക്ക് കൈമാറിയെന്ന സഹോദരിയുടെ ആരോപണം നുണയാണെന്നും പരാതിയിൽ ഉറച്ച് നിൽക്കുമെന്നും രാജപ്പൻ പറഞ്ഞു.
വീടുവയ്ക്കാനാണെന്ന് പറഞ്ഞ് ബാങ്കിൽ നിന്ന് പണമെടുത്ത ശേഷം സഹോദരപുത്രന് നൽകിയെന്ന സഹോദരിയുടെ ആരോപണം രാജപ്പൻ തള്ളുന്നു. ഒരു രാഷ്ട്രീയവും തന്റെ പണം നഷ്ടപ്പെട്ടതിന് പിന്നിലില്ല. രഹസ്യമായി എടുത്ത പണം ലഭിക്കണം. ഇതു മാത്രമാണ് രാജപ്പൻറെ ആവശ്യം. കേസ് പിൻവലിക്കില്ലെന്നും ഏതറ്റം വരെയും പോകുമെന്നും രാജപ്പൻ പറയുന്നു. രാജപ്പന്‍റെ കൂടെ പരാതി കൊടുക്കാൻ പോയതിൽ തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് സഹോദരന പുത്രൻ സതീഷ് ആരോപിച്ചു
ബാങ്കിൽ നിന്നെടുത്ത പണം രാജപ്പൻ സതീഷിന് കൈമാറിയെന്നാണ് സഹോദരി വിലാസിനിയുടെ വാദം. സതീഷും വിലാസിനിയും വർഷങ്ങളായി പിണക്കത്തിലാണ്. മുൻ വൈരാഗ്യത്തിന്റെ പേരിൽ ആരോപണം ഉന്നയിക്കുകയാണെന്നും സതീശൻ പറഞ്ഞു. പൊലീസ് രാജപ്പന്റെ പരാതി ഗൗരവമായി പരിശോധിക്കുകയാണ്..

കുമരകം എസ്ഐ രാജപ്പൻറെ മൊഴിയെടുത്തു. ഡിവൈഎസ്പി നേരിട്ടാണ് കേസിന് മേൽനോട്ടം വഹിക്കുന്നത്. അക്കൗണ്ട് രേഖകൾ ബാങ്കിൽ നിന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനായി പ്രതികളുടെ വീട്ടിലെത്തിയപ്പോൾ അവർ വീടുകളിലുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഒരുവിധ രാഷ്ടീയവും ഇല്ലെന്ന് കുമരകം സിഐ സജികുമാർ പറഞ്ഞു.
