അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയസഭയ്ക്ക് പുറത്തും പ്രതിഷേധം ശക്തമായി. നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. 

കൊല്ലം: കുണ്ടറ പീഡന പരാതി സംബന്ധിച്ച് മന്ത്രി എ കെ ശശീന്ദ്രനെതിരെ മൊഴി നൽകിയെന്ന് പരാതിക്കാരിയായ യുവതി. മന്ത്രി കേസ് ഒത്തു തീർപ്പാക്കാൻ ശ്രമിച്ചു എന്നും പൊലീസിന് മൊഴി നൽകിയതായി യുവതി പറഞ്ഞു.

പരാതി കിട്ടി ഇരുപത്തി നാല് ദിവസത്തിന് ശേഷമാണ് പൊലീസ് യുവതിയുടെ മൊഴിരേഖപ്പെടുത്തിയത്. യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. മന്ത്രിയുടെ ഫോൺസന്ദേശത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍കാര്യങ്ങളും യുവതി നല്‍കിയ മൊഴിയില്‍ ഉണ്ട്. ഫോൺ റെക്കോർഡ് ചെയ്യാന്‍ ഇടയായ സാഹചര്യം എന്നിവയും യുവതി നല്‍കിയ മൊഴിയില്‍ ഉണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയൻ എ കെ ശശീന്ദ്രനെ പിന്തുണക്കുമ്പോഴാണ് മന്ത്രിക്ക് എതിരെ യുവതി മൊഴി നല്‍കിയിരിക്കുന്നത്. നിയമ ഉപദേശം കിട്ടിയതിന് ശേഷം മന്ത്രിക്ക് എതിരെ കേസ്സെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നാണ് പൊലീസ് പറയുന്നത്. നിയമ ഉപദേശം തേടുന്നതിന് മുന്നോടിയായി പൊലീസ് പ്രാഥമിക അന്വേഷണം നടത്തും. യുവതി ജൺ 28ന് നല്‍കിയ പരാതിയില്‍ മന്ത്രിയുടെ പേര് ഇല്ലാത്തതിനാലും യുവതിയെ നേരിട്ട് വിളിക്കാത്തതിനാലുമാണ് മന്ത്രിക്ക് എതിരെ നടപടിക്ക് നീങ്ങുന്നതിന് മുൻപ് നിയമ ഉപദേശം തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ പെൺകുട്ടിയുടെ വീട്ടില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. 

മന്ത്രി ശശീന്ദ്രന് എതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനം. മന്ത്രിക്ക് എതിരെ നല്‍കിയ മൊഴിയില്‍ നിന്നും പിന്മാറില്ലന്ന് പീഡനത്തിന് ഇരയായ യുവതിയും ബന്ധുക്കളും പറഞ്ഞു. ബി ജെ പി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ഇന്ന് യുവതിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.

അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയസഭയ്ക്ക് പുറത്തും പ്രതിഷേധം ശക്തമായി. നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കൂട്ടത്തോടെയെത്തി ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. നാല് തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരി‍ഞ്ഞുപോവാതായതോടെ പൊലീസ് മുന്നറിയിപ്പ് ബാനര്‍ ഉയര്‍ത്തി ഗ്രനേഡും പിന്നാലെ കണ്ണീര്‍ വാതക ഷെല്ലും പ്രയോഗിച്ചു. രണ്ട് പ്രവര്‍ത്തകര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. 

അതിനിടെ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയുടെ ഗേറ്റിനടുത്ത് വരെയെത്തി. ചാടിക്കടക്കാനുള്ള ശ്രമം പക്ഷേ പൊലീസ് പരാജയപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ്സ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് താലൂക്ക് ഓഫീസ്
 മാർച്ച് നടത്തി. പൂവന്‍കോഴിയുമായിട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona