കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രക്കിടെയാണ് കുന്നംകുളം റോഡ് ഒഴിവാക്കി വടക്കാഞ്ചേരി വഴി മുഖ്യമന്ത്രി സഞ്ചരിച്ചത്

തൃശ്ശൂര്‍: മുഖ്യമന്ത്രിക്ക് വഴിമാറി പോകേണ്ടിവന്നത് വാര്‍ത്തയായതിന് പിന്നാലെ കേച്ചേരി-കുന്നംകുളം റോഡിലെ കുഴിയടയ്ക്കാനുള്ള പണി തുടങ്ങി. മഴയത്ത് ചെല്ലി കൊണ്ടുവന്നു തല്‍ക്കാലം കുഴി നിവര്‍ത്തി. എന്നാൽ പിന്നാലെ ശക്തമായി മഴ പെയ്തു. മഴ മാറുന്ന മുറയ്ക്ക് ടാർ ചെയ്യാനാണ് തീരുമാനം. അടുത്ത കൊല്ലം ഓഗസ്റ്റോടെ കേച്ചേരി ഉള്‍പ്പെടുന്ന തൃശൂര്‍-കുറ്റിപ്പുറം റോഡ് പൂര്‍ത്തിയാക്കാന്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായി.

കുഴി കൊണ്ടു പൊറുതിമുട്ടിയ റോഡാണ് കേച്ചേരിയിലേത്. കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രക്കിടെയാണ് കുന്നംകുളം റോഡ് ഒഴിവാക്കി വടക്കാഞ്ചേരി വഴി മുഖ്യമന്ത്രി സഞ്ചരിച്ചത്. സംഭവം സര്‍ക്കാരിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. പ്രതിഷേധങ്ങളും വാര്‍ത്തയും വന്നതോടെ കുഴിയടയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു. പെരുമഴ പെയ്യുമ്പോഴും റോഡില്‍ ചെല്ലിതട്ടി കുഴിയടയ്ക്കാനുള്ള പണിയാണ് പൊതുമരാമത്ത് വകുപ്പ് തുടങ്ങിയത്.

ചെല്ലി തട്ടിയിട്ട് കുഴിയടച്ചെങ്കിലും മഴ പെയ്യുന്നതിനാല്‍ ടാറിടുന്നത് വൈകും. അതിനിടെ തൃശൂര്‍ ജില്ലയിലെ നിത്യ തലവേദനായ രണ്ട് റോഡുകളുടെ പണി വേഗത്തിലാക്കാന്‍ പൊതു മരാമത്ത് മന്ത്രി വിളിച്ച ഉന്നത തല യോഗം തീരുമാനിച്ചു. കൊടുങ്ങല്ലൂര്‍ തൃശൂര്‍ പാതയുടെ നിര്‍മാണം അടുത്ത ഒക്ടോബറില്‍ തീര്‍ക്കും. തൃശൂര്‍ കുറ്റിപ്പുറം പാതയുടെ റീടെണ്ടര്‍ ഓഗസ്റ്റ് ഒന്നിനു മുമ്പ്. അടുത്ത കൊല്ലം ഓഗസ്റ്റോടെ പണി തീര്‍ക്കും. അതുവരെ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് ഇപ്പോള്‍ അനുവദിച്ച 29 ലക്ഷം പോരാതെ വന്നാല്‍ കൂടുതല്‍ പണം അനുവദിക്കാനും തീരുമാനമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്