കൊച്ചി: കുന്നത്തുനാടിലെ വിവാദ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ എറണാകുളം കലക്ടർക്ക് റവന്യൂമന്ത്രിയുടെ നിർദ്ദേശം. റിമോട്ട് സെൻസിംഗ് പരിശോധനയിൽ നിലമാണെന്ന് കണ്ടെത്തിയതിനെ തുർന്നാണ് നടപടി.

കുന്നത്തുനാടിൽ 15 ഏക്കർ വയൽ നികത്തിയതിന് സ്റ്റോപ്പ് മെമ്മെ നൽകിയ എറണാകുളം ജില്ലാ കലക്ടറുടെ ഉത്തരവ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പിഎച്ച് കുര്യൻ റദ്ദാക്കിയത് വൻവിവാദമായിരുന്നു. വിരമിക്കുന്നതിൻറ തലേ ദിവസം ഇറക്കിയ ഉത്തരവ് പ്രതിഷേധം മൂലം റവന്യൂ മന്ത്രി മരവിപ്പിച്ചിരുന്നു. ഏത് തരം ഭൂമിയാണെന്ന് പരിശോധിക്കാൻ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്‍റ് എൻവിയോൺമെന്‍റ് സെൻറിനെ ചുമതലപ്പെടുത്തി. ഈ പരിശോധനയിലാണ് 2008-ന് മുമ്പ് കുന്നത്തുനാടിലെ വിവാദസ്ഥലം നിലമാണെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. 

പി എച്ച് കുര്യന്‍റെ ഉത്തരവിന്‍റെ നിയമസാധ്യതകളെക്കുറിച്ച് പരിശോധിക്കാൻ റവന്യൂ സെക്രട്ടറിയെയും ഇ ചന്ദ്രശേഖരൻ ചുമതലപ്പെടുത്തി. റിമോട്ട് സെൻസിംഗ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിലുള്ള കേസിൽ സത്യവാങ്മൂലം നൽകാനും റവന്യൂ വകുപ്പ് തീരുമാനിച്ചു. 

നിലം നികത്താൻ സ്പീക്സ് എന്ന കമ്പനി നൽകിയ അപേക്ഷ 2006-ൽ കലക്ടർ തള്ളിയിരുന്നു. പക്ഷെ വ്യവസ്ഥകളോടെ ഭൂമി പരിവർത്തനം ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർ അനുമതി നൽകിയെന്നായിരുന്നു കമ്പനി വാദം. എന്നാൽ 2008-ൽ നെൽവയൽ തണ്ണീർത്തട നിയമം വന്നതിനാൽ മുൻ ഉത്തരവുകളെല്ലാം അസാധുവായെന്ന് കാണിച്ചായിരുന്നു കലക്ടർ മുഹമ്മദ് സഫറുള്ള 2018-ൽ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നത്. ഇതിനെതിരെ കമ്പനി നൽകിയ അപ്പീൽ പരിഗണിച്ചായിരുന്നു പി എച്ച് കുര്യന്‍റെ വിവാദ ഉത്തരവ്.