തൃശ്ശൂർ: കുതിരാൻ തുരങ്കം ഒരു ആഴ്ചയ്ക്കകം ഗതാഗത യോഗ്യമാക്കുമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർക്കു നിർമ്മാണ കമ്പനിയുടെ ഉറപ്പ്. ഗതാഗത പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കേസ് എടുക്കുമെന്ന കർശന നിലപാട് കളക്ടർ അറിയിച്ചതിന് പിന്നാലെയാണ് നടപടി. നേരത്തെ മന്ത്രി ജി സുധാകരനും തുരങ്കം തുറന്നു നൽകാൻ നിർദേശിച്ചിരുന്നു.

മണ്ണുത്തി വടക്കാഞ്ചേരി ദേശീയ പാതയുടെ ശോച്യാവസ്ഥ മൂലം ദിവസവും ആഞ്ച് മുതൽ ഏഴ് മണിക്കൂർ വരെയാണ് വാഹന കുരുക്ക്. നാട്ടുകാരിൽ നിന്നും പരാതി വർധിച്ചതോടെയാണ് കളക്ടർ എസ് ഷാനവാസ് കർശന നിലപാട് കരാർ കമ്പനി ആയ കെഎംസിയെ അറിയിച്ചത്.

ഗതാഗത പ്രശ്നം പരിഹരിക്കാൻ തുരങ്കം ഒരാഴ്ച്ചക്കകം തുറന്നു നൽകുമെന്ന് കമ്പനി അധികൃതർ കളക്ടർക്കു ഉറപ്പു നൽകി. തുരങ്കത്തിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്ന നടപടി ഉടൻ പൂർത്തിയാക്കുമെന്നും നിർമ്മാണ കമ്പനി അറിയിച്ചു. നേരത്തെ ജനുവരി മാസം തുരങ്കം പൂർണമായി പ്രവർത്തനം തുടങ്ങുമെന്നാണ് അറിയിയിച്ചിരുന്നതെങ്കിലും ഉപ കരാർ ഏറ്റെടുത്ത കമ്പനിക്ക് കെഎംസി പണം നൽകാത്തതിനാൽ നിർമ്മാണം നിലയ്ക്കുകയായിരുന്നു.