തൃശ്ശൂർ: കുതിരാനിലെ ഗതാഗത കുരുക്കിന് കാരണം ചട്ടവിരുദ്ധമായ ഡ്രൈവിംഗ് ആണെന്ന് ദേശീയപാതാ അതോറിറ്റി. തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി വാദം കേൾക്കുമ്പോഴായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ പ്രതികരണം. അടുത്ത മാസം 31 നുള്ളിൽ തുരങ്കം തുറക്കാമെന്ന് കരാറുകാർ പറഞ്ഞപ്പോൾ ഇക്കാര്യം ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ വാദം.

നിലവിലുളള റോഡിലൂടെ ഗതാഗതം നിർത്തിയാൽ മാത്രമേ രണ്ടാമത്തെ തുരങ്കത്തിലേക്കുള്ള വഴി നിർമിക്കാൻ കഴിയു എന്ന് കരാറുകാരൻ പറഞ്ഞു. ഒരു തുരങ്കം തുറന്നു കൊടുക്കുന്നത്തോടെ ഗതാഗത കുരുക്ക് പരിഹരിക്കാൻ കഴിയും. മാർച്ച് 31നുളളിൽ ഒരു ടണൽ തുറക്കാം. മാർച്ച് 31 ന് മുൻപ് നിർമാണം പൂർത്തിയാക്കിയാലും തുറക്കാൻ അനുമതി നൽകേണ്ടത് ദേശിയ പാതാ അതോറിറ്റിയെന്ന് കരാറുകാർ പറഞ്ഞു.

കുതിരാൻ തുരങ്കത്തിൽ പരിശോധന നടത്തിയെന്നായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ മറുപടി. കല്ല് ഇടിഞ്ഞുവീണ് സ്ട്രക്ചറൽ ഡാമേജ് ഉണ്ടായിട്ടില്ല. പണികൾ വേഗത്തിൽ തുടരുകയാണെന്നും എന്നാൽ തുരങ്കം എന്ന് തുറക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ദേശീയപാതാ അതോറിറ്റി പറഞ്ഞു. പ്രൊജക്ട് ഡയറക്ടറുടെ അനുമതി വേണം. വിദഗ്ധ സമിതി അനുമതി നൽകേണ്ടതുണ്ടതുണ്ട്. ഫയർ ആന്റ് സേഫ്ടിയും പരിശോധിക്കേണ്ടതുണ്ട്. വിദഗ്ധ സമിതി പരിശോധന നടത്തണമെന്ന് കോടതിയും നിലപാടെടുത്തു.