ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സങ്കീർണമായതോടെ നിലവിലെ ഘടകകക്ഷികളിൽ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയിലാണ് എൽഡിഎഫും യുഡിഎഫും. കേരള കോൺഗ്രസ് എമ്മിലെ തമ്മിലടി കാരണം സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. എൻസിപിയിൽ നിന്ന് മാറ്റി ജനാധിപത്യ കേരള കോൺഗ്രസിന് സീറ്റ് നൽകാനാണ് ഇടതുമുന്നണിയുടെ ആലോചന.

കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കുകയാണ് മുന്നണികൾ. സ്ഥാനാർഥി നിർണയമടക്കം വലിയ തലവേദന യുഡിഎഫിനാണ്. ജോസഫ്- ജോസ് പക്ഷങ്ങൾ പ്രഖ്യാപനം വരും മുമ്പേ പോര് തുടങ്ങി. നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നത്. വെള്ളിയാഴ്ച എറണാകുളത്ത് ചേരുന്ന യുഡിഎഫ് യോഗത്തിൽ ജോസഫ്-ജോസ് വിഭാഗങ്ങളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തും. ഒരുമിച്ച് പോകാനാകില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കുന്ന കാര്യം ഇരുവിഭാഗങ്ങളെയും അറിയിക്കും. സീറ്റ് കോൺഗ്രസ് ഏറ്റെടുത്താലും ജോസ് വിഭാഗത്തിന് നൽകുന്നതിനോട് കടുത്ത എതിർപ്പാണ് പി.ജെ.ജോസഫിന്.

സ്ഥാനാർഥിയാകാൻ നേതാക്കളുടെ തള്ള് കൂടുതലാണ് എൻസിപിയിൽ. തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങളിൽ തുടങ്ങി സംസ്ഥാന നേതാക്കൾ വരെ സ്ഥാനാര്‍ത്ഥികളാകാൻ മുന്നിലുണ്ട്. പക്ഷെ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിച്ച് നിർത്താനുള്ള ജനകീയ മുഖമാണ് ഇടതുക്യാമ്പിന്‍റെ പ്രതിസന്ധി. സീറ്റ് പ്രധാന കക്ഷിയായ സിപിഎം ഏറ്റെടുക്കുന്നതിന് പകരം, ജനാധിപത്യ കേരള കോൺഗ്രസിന് നൽകാനാണ് ആലോചന. കുട്ടനാട്ടിലെ മുൻ എംഎൽഎ ഡോ. കെ.സി. ജോസഫാണ് ഇടതുനേതാക്കളുടെ മനസ്സിൽ. പക്ഷെ എൻസിപിക്ക് ഇക്കാര്യത്തിൽ ശക്തമായ എതിർപ്പുണ്ട്. എൻസിപി സംസ്ഥാന നേതൃത്വം ഈ ആഴ്ച തന്നെ സ്ഥാനാർഥിയെ സംബന്ധിച്ച ധാരണ എൽഡിഎഫ് നേതാക്കളെ അറിയിക്കും.