കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു മാസത്തിനിടെ പാർട്ടി വിട്ടത് 280 പേർ.നാളെ മന്ത്രി സജി ചെറിയാന്‍റെ  സാന്നിധ്യത്തിൽ അടിയന്തര ഏരിയ കമ്മിറ്റി യോഗം 

ആലപ്പുഴ:കുട്ടനാട്ടിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം.പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിക്കത്ത് നൽകി .രാജിക്കത്ത് നൽകിയവരിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും ഉൾപ്പെടും. കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങള്‍ മുതല്‍ ഏരിയാ കമ്മിറ്റിയുടെ പ്രവര്‍ത്തനശൈലിക്കെതിരെ വിവിധ ലോക്കല്‍ കമ്മറ്റികള്‍ പ്രതിഷേധത്തിലാണ്.തലവടി,എടത്വ, വെളിയനാട്, തുടങ്ങിയ ലോക്കല്‍ കമ്മറ്റികളും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേത്യത്വം പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ച് വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി ഒരു മാസത്തിനിടെ 280 പേര്‍ രാജിവെച്ചിട്ടുണ്ട്. ഭിന്നതകളെ തുടർന്ന് വർഷങ്ങളായി CPM പാനൽ ജയിച്ചിരുന്ന രാമങ്കരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ UDF ആണ് വിജയിച്ചത് . പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നാളെ വൈകിട്ട് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരും.

കുട്ടനാട് പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കി

അതിനിടെ ലഹരിക്കടത്തില്‍ ആരോപണവിധേയനായ എ ഷാനവാസിനെതിരെ നടപടിയെടുക്കുന്നതിനെ ചൊല്ലി ആലപ്പുഴയില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റില് നടന്നത് രൂക്ഷമായ ചേരിതിരിവും തര്‍ക്കവും . പാര്‍ട്ടിയില്‍ നിന്ന് ഷാനവാസിനെ പുറത്താക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ ഒരുവിഭാഗം ശക്തമായി എതിര്‍ത്തതോടെയാണ് നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങിയത്.ജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ എ ഷാനവാസിനെ പുറത്താക്കണം എന്നായിരുന്നു ജില്ലാ സെക്രട്ടറി ആര്‍ നാസറിന്‍റെ അഭിപ്രായം.നിരന്തരം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നയാളെ ഇനിയും വച്ചുപൊറുപ്പിക്കേണ്ടെന്നായിരുന്നു നിലപാട്. എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ നിര്‍ദ്ദേശം തള്ളി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രം മതിയെന്നാായിരുന്നു ഇവരുടെ വാദം. മന്ത്രി സജി ചെറിയാന്‍റെ പി എസ് മനു സി പുളിക്കൽ, എച്ച് സലാം എംഎല്‍എ, ജി.രാജമ്മ, കെഎച്ച് ബാബുജാൻ, ജി. വേണുഗോപാൽ എ.മഹീന്ദ്രൻ എന്നിവര്‍ ഷാനവാസിനൊപ്പം നിന്നു.നഗര സഭ ക്ഷേമകാര്യ സമിതി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന നിർദേശവും അംഗീകരിക്കപ്പെട്ടില്ല. ഇതോടെഷാനവാസിനെതിരായ നടപടി സസ്പെൻഷനിലൊതുങ്ങി.ഇതിനിടെ ഷാനവാസിന്‍റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ചില സിപിഎം പ്രവര്ത്തകര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറ്ക്ടറേറ്റിനെ സമീപിച്ചു.ലഹരിക്കടത്ത് വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ മൂന്ന് സിപിഎം പ്രവര്‍ത്തകരാണ് പരാതിനല്കിയത്. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തീക ഇടപാടുകള്‍ എന്നിവ അന്വേഷിക്കണം എന്നാണ് ആവശ്യം. ജില്ലാ സെക്രട്ടറിയേറ്റ് യോഗ തീരുമാനം റിപ്പോര്ട്ട് ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു..