നേരത്തെ ബാങ്ക് വഴിയായിരുന്നു പണം കൈമാറിയിരുന്നത്.എന്നാൽ ഈ സമ്പ്രദായം അവസാനിപ്പിച്ച് സപ്ലൈകോ വഴി നേരിട്ടാക്കിയതും തിരിച്ചടിയായെന്ന് കര്‍ഷകർ പറയുന്നു

ആലപ്പുഴ : നെല്ല് സംഭരിക്കാന്‍ സമരവുമായി തെരുവിലിറങ്ങേണ്ടി വന്ന കുട്ടനാട്ടെ കര്‍ഷകരെ വീണ്ടും വഞ്ചിച്ച് സര്‍ക്കാര്‍. നെല്ല് സംഭരിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും ഒരു പൈസ പോലും സർക്കാര്‍ കര്‍ഷകർക്ക് നല്‍കിയിട്ടില്ല. വട്ടിപ്പലിശക്ക് വായ്പ വാങ്ങി ഒന്നാം കൃഷി ചെയ്ത കർഷർ ഇപ്പോള്‍ പുഞ്ചക്കൃഷിക്കും പലിശക്ക് പണമെടുത്താണ് കൃഷിയിറക്കുന്നത്

ഒന്നാം വിളവെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തതായിരുന്നു ആദ്യ പ്രശ്നം . പിന്നെ കണ്ടത് തെരുവിൽ സമരത്തിനിറങ്ങുന്ന കർഷരെയാണ് . ഒടുവില്‍ സർക്കാർ മില്ലുടമകളുമായി ധാരണയിലെത്തി നെല്ലേറ്റടുത്തു.ഇപ്പോള്‍ ഒന്നരമാസം കഴിഞ്ഞു. ഇത് വരെയും ഒരു പൈസ പോലും പാടത്ത് വിയര്‍പ്പൊഴുക്കിയ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നൽകിയിട്ടില്ല.കർഷകർ പണം ചോദിക്കുമ്പോൾ സപ്ലൈകോ കൈമലര്‍ത്തും. മിക്ക കർഷകരും വട്ടിപ്പലിശക്ക് വായ്പെടുത്താണ് ഒന്നാംകൃഷി ഇറക്കിയത്.

നേരത്തെ ബാങ്ക് വഴിയായിരുന്നു പണം കൈമാറിയിരുന്നത്. നെല്ല് സംഭരിച്ചതിന്‍റെ ബിൽ ബാങ്കിൽ ഹാജരാക്കിയാൽ പത്ത് ദിവസത്തിനകം പണം കിട്ടും.എന്നാൽ ഈ സമ്പ്രദായം അവസാനിപ്പിച്ച് സപ്ലൈകോ വഴി നേരിട്ടാക്കിയതും തിരിച്ചടിയായെന്ന് കര്‍ഷകർ പറയുന്നു.ഇപ്പോള്‍ പുഞ്ചക്കൃഷിയിറക്കാനും വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍