വായ്പക്ക് സുധാകരൻ സമ്മതപത്രം ഒപ്പിട്ടു, ജപ്തിയായപ്പോൾ ആരോപണം ഉന്നയിക്കുന്നു: കുട്ടനല്ലൂർ ബാങ്ക്
ഹിയറിങ് സമയത്ത് ഇല്ലാത്ത ആക്ഷേപം ഇപ്പോൾ ഉന്നയിക്കുന്നതിൽ ദുരുദ്ദേശമുണ്ടെന്നും ബാങ്ക് വിമർശിച്ചു

തൃശ്ശൂർ: വായ്പാ തട്ടിപ്പെന്ന ആരോപണത്തിൽ വിശദീകരണവുമായി കുട്ടനെല്ലൂർ ബാങ്ക്. 1.60 കോടി രൂപയും നൽകിയത് അനിൽ മേനോന്റെ അക്കൗണ്ടിലാണെന്നും റിസോർട്ടുടമ രായിരത്ത് സുധാകരൻ സമ്മതപത്രം ഒപ്പിട്ടു നൽകിയെന്നും ബാങ്ക് പറയുന്നു. കുടിശ്ശിക വന്നപ്പോൾ ബാങ്ക് നോട്ടീസ് അയച്ച് സുധാകരനെ വിളിപ്പിച്ചു, തുക അടയ്ക്കാൻ സുധാകരൻ ആവശ്യപ്പെട്ട സമയം അനുവദിച്ചു. പിന്നെയും മുടക്കം വന്ന് ജപ്തി ആയപ്പോഴാണ് സുധാകരൻ ആരോപണം ഉന്നയിക്കുന്നത്.
സുധാകരന്റെ വാർത്താ സമ്മേളനം ബാങ്കിനെ മനഃപ്പൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബാങ്ക് അധികൃതർ ആരോപിക്കുന്നു. ഹിയറിങ് സമയത്ത് ഇല്ലാത്ത ആക്ഷേപം ഇപ്പോൾ ഉന്നയിക്കുന്നതിൽ ദുരുദ്ദേശമുണ്ടെന്നും ബാങ്ക് വിമർശിച്ചു. താനറിയാതെ ഒരു കോടി രൂപ കുട്ടനെല്ലൂർ ബാങ്ക് വായ്പ അനുവദിച്ചെന്നായിരുന്നു സുധാകരന്റെ ആരോപണം. ഇതിലാണ് കുട്ടനല്ലൂർ ബാങ്ക് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
തന്‍റെ പേരിലുള്ള റിസോര്‍ട്ടിന്മേല്‍ സി എസ് ബി ബാങ്കില്‍ 72.5 ലക്ഷം രൂപ ബാധ്യതയുണ്ടായിരുന്നുവെന്നാണ് രായിരത്ത് സുധാകരൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ബാങ്ക് ബാധ്യത തീര്‍ത്ത് റിസോര്‍ട്ട് വാങ്ങാമെന്നു പറഞ്ഞ് മാള സ്വദേശി അനില്‍ മേനോന്‍ സമീപിച്ചു. 3.5 കോടി രൂപയുടേതായിരുന്നു ഇടപാട്. കുട്ടനെല്ലൂര്‍ ബാങ്കിലേക്ക് വായ്പ മറ്റാന്‍ അനിൽ ആവശ്യപ്പെട്ടു. വലിയ തുകയുടെ ഇടപാടായതിനാല്‍ സമ്മതിച്ചു. 60 ലക്ഷം രൂപ സുധാകരന്‍റെയും അനിലിന്‍റെയും അയാളുടെ ഭാര്യയുടെ പേരിലെടുത്തു. കരാര്‍ കാലാവധി തീരും മുൻപ് കുടികിട സര്‍ട്ടിഫിക്കറ്റ് എടുത്തപ്പോഴാണ് ഒരു കോടി രൂപ അധികമായി വായ്പയെടുത്തതായി സുധാകരന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഒരു കോടി എടുത്തത് നാല് വ്യാജ വിലാസങ്ങളിലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞെന്നും സുധാകരന്‍ ആരോപിക്കുന്നു.
പൊലീസിനും സഹകരണ വകുപ്പിനും പരാതി നൽകിയെന്നും സുധാകരൻ വ്യക്തമാക്കി. സിപിഎം ഭരിക്കുന്ന ബാങ്കായതിനാൽ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും പരാതി പറഞ്ഞു. ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇരു കൂട്ടരെയും വിളിച്ചു വരുത്തി മധ്യസ്ഥത പറഞ്ഞു. ഒന്നും ഫലം കണ്ടില്ല. ബാങ്കിന്‍റെ ജപ്തി നോട്ടീസ് വന്നതിന് പിന്നാലെ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരിക്കുകയാണ് സുധാകരൻ. കുട്ടനെല്ലൂര്‍ ബാങ്കിന്‍റെ വായ്പാ തട്ടിപ്പിന്‍റെ മറ്റൊരു ഇരയാണ് സുധാകരനെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയും പറഞ്ഞു. വായ്പക്കാരെ സംഘടിപ്പ് വായ്പ നല്‍കുന്ന രീതി കുട്ടനെല്ലൂര്‍ ബാങ്കിനില്ലെന്നാണ് ഇന്നലെ ബാങ്ക് പ്രസിഡന്റ് റിക്സൺ പ്രതികരിച്ചത്.