കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിലെ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററും മുസ്ലീം ലീഗിലെ പാറക്കൽ അബ്ദുള്ളയും വീണ്ടും നേർക്കുനേർ മത്സരിക്കുന്നു. 2021-ൽ വെറും 333 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ച മണ്ഡലമാണിത്. 

കുറ്റ്യാടി: വീണ്ടും സിപിഎമ്മും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും മുഖാമുഖം, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററും പാറക്കല്‍ അബ്‌ദുള്ളയും നേര്‍ക്കുനേര്‍. കോഴിക്കോട് ജില്ലയില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍പ്പെട്ട കുറ്റ്യാടി നിയമസഭ മണ്ഡലത്തില്‍ ഇത്തവണയും വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷ. 2021-ല്‍ വെറും 333 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ നിയമസഭയിലെത്തിയത്. അതിനാല്‍ തന്നെ ഇത്തവണ വിജയപ്രതീക്ഷയിലാണ് പാറക്കല്‍ അബ്‌ദുള്ളയും തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്.

വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മല്‍, കുറ്റ്യാടി, പുറമേരി, മണിയൂര്‍, തിരുവള്ളൂര്‍, വേളം, വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തുകള്‍ ചേരുന്നതാണ് കുറ്റ്യാടി നിയമസഭ മണ്ഡലം. 2008-ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം രൂപീകൃതമായ കുറ്റ്യാടി നിയമസഭ മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത് സിപിഎമ്മിലെ കെ കെ ലതികയാണ്. 2011 നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലീം ലീഗ് നേതാവുമായ സൂപ്പി നരിക്കാട്ടേരിയെ 6,972 വോട്ടുകള്‍ക്ക് കെ കെ ലതിക തോല്‍പിക്കുകയായിരുന്നു. എന്നാല്‍ 2016-ല്‍ പാറക്കല്‍ അബ്‌ദുള്ളയിലൂടെ മണ്ഡലം മുസ്ലീം ലീഗും യുഡിഎഫും പിടിച്ചു. സിറ്റിംഗ് എംഎല്‍എ കെ കെ ലതികയ്‌ക്കെതിരെ 1,157 വോട്ടുകളുടെ ഭൂരിപക്ഷമാണ് പാറക്കല്‍ അബ്‌ദുള്ള നേടിയത്.

2021-ല്‍ തെരുവിലിറങ്ങിയ സിപിഎം അണികള്‍

2021-ല്‍ കുറ്റ്യാടിയില്‍ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയവും പ്രതിഷേധങ്ങളും വലിയ ചര്‍ച്ചയായിരുന്നു. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനില്‍കാനുള്ള എല്‍ഡിഎഫ് തീരുമാനം വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ഥിയാക്കണം എന്നായിരുന്നു അണികളുടെ ആവശ്യം. ഈ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ ഒടുവില്‍ സിപിഎം മത്സരിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുറ്റ്യാടി നേരിയ ഭൂരിപക്ഷത്തില്‍ വീണ്ടും ഇടതുപക്ഷത്തേക്ക് ചായുകയും ചെയ്‌തു. പാറക്കല്‍ അബ്‌ദുള്ള 79,810 ഉം കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ 80,143 ഉം വോട്ടുകളാണ് നേടിയത്. അതായത്, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ ഭൂരിപക്ഷം 333 വോട്ടുകള്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നാണിത്. അന്നത്തെ പ്രതിഷേധക്കാര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തു എന്നത് പിന്‍കാല ചരിത്രം.

കുറ്റ്യാടി: 2026-ലെ ചിത്രം

2026 നിയമസഭ തെരഞ്ഞെടുപ്പിലും കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററും പാറക്കല്‍ അബ്‌ദുള്ളയും തമ്മിലാണ് കുറ്റ്യാടി മണ്ഡലത്തിലെ മത്സരം. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയേക്കുന്ന അഭ്യൂഹം ഇക്കുറിയും പരന്നെങ്കിലും ആ സാഹസത്തിന് കഴിഞ്ഞ തവണത്തെ പ്രതിഷേധങ്ങള്‍ ഓര്‍ത്ത് സിപിഎം തുനിഞ്ഞില്ല. പരിചിതനായ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററിലൂടെ മണ്ഡലം ഇക്കുറി നിലനിര്‍ത്താന്‍ കഴിയുമെന്ന് സിപിഎമ്മും എല്‍ഡിഎഫും കരുതുന്നു. ഭരണവിരുദ്ധ തരംഗം വോട്ടാകുമെന്നും പാറക്കല്‍ അബ്‌ദുള്ള മണ്ഡലം തിരിച്ചുപിടിക്കുമെന്നും മുസ്ലീം ലീഗും യുഡിഎഫും കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്‌ടമായ മണ്ഡലമാണ് കുറ്റ്യാടി എന്ന് ഓര്‍മ്മിപ്പിക്കുന്നു പാറക്കല്‍ അബ്‌ദുള്ള. തദ്ദേശ തെരഞ്ഞെടുപ്പില്‍ 4,558 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട് യുഡിഎഫിന്. എട്ട് പഞ്ചായത്തില്‍ നാലിടത്ത് യുഡിഎഫിനും മൂന്നിടത്ത് എല്‍ഡിഎഫിനുമാണ് ഭരണം. നാളിതുവരെ ബിജെപിക്ക് ചുവടുറപ്പിക്കാന്‍ കഴിയാത്ത മണ്ഡലം കൂടിയാണ് കുറ്റ്യാടി. രാംദാസ് മണലേരിയാണ് ഇത്തവണ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി.

ചര്‍ച്ചാ വിഷയങ്ങള്‍

കര്‍ഷകരും പ്രവാസികളും ഏറെയുള്ള നാടാണ് കുറ്റ്യാടി. കൃഷിയും കാര്‍ഷിക മേഖലകളിലെ പ്രശ്‌നങ്ങളുടെ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാം. മണ്ഡലത്തില്‍ മതിയായി അടിസ്ഥാന സൗകര്യ വികസനം എത്തിക്കാന്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്ക് ആയോ എന്ന ചോദ്യവും പ്രചരണ രംഗത്ത് സജീവം. കഴിഞ്ഞ വര്‍ഷം കുറ്റ്യാടിയില്‍ പാറക്കല്‍ അബ്‌ദുള്ളയ്‌ക്കെതിരെ ലീഗ് അണികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും തര്‍ക്കങ്ങളുണ്ടായിരുന്നു. യുഡിഎഫിന്‍റെ പുതുയുഗ യാത്രയ്‌ക്കിടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കവും വലിയ ചര്‍ച്ചയായിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming