മലപ്പുറം: റോഡ് അറ്റകുറ്റപണികള്‍ക്കായി ദേശീയ പാതയിലെ കുറ്റിപ്പുറം പാലം അടച്ചിടുന്നു. രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണി വരെയാണ് റോഡ് അടച്ചിടുക. നാളെ മുതൽ എട്ടു ദിവസത്തേക്കാണ് നടപടി. ഗതാഗത നിരോധനമുള്ള സമയത്ത് കോഴിക്കോട്, തൃശ്ശൂര്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ വഴി തിരിച്ചുവിടും. 

ഏറെ നാളുകളായി ദേശീയ പാതയില്‍ പാലത്തിനു മുകളിലും സമീപത്തുമായി റോഡ് തകർന്നു കിടക്കുകയാണ്. മിനിപമ്പക്ക് സമീപം പാതയോരത്തെ ആല്‍മരത്തില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം വീഴുന്നത് പതിവാണ്. ഇതാണ് ടാര്‍ ഇളകി റോഡ് തകരുന്നതിന് പ്രധാന കാരണം.

ഇതിന് ശാശ്വതപരിഹാരമെന്ന നിലയില്‍ ഇവിടെ ഇൻറര്‍ലോക്ക് കട്ടകള്‍ പതിക്കുകയാണ് ചെയ്യുന്നത്. കൂടാതെ പാലത്തിനു മുകളിലെ റോഡില്‍ റീടാറിംഗും ചെയ്യുന്നുണ്ട്. മന്ത്രി കെടി ജലീലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പണികൾ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചത്.

ബുധനാഴ്ച്ച മുതല്‍ രാത്രിയിൽ കോഴിക്കോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍ നിന്ന് പട്ടാമ്പി,പെരുമ്പിലാവ് വഴിയോ പുത്തനത്താണിയില്‍ നിന്ന് തിരുനാവായ-ചമ്രവട്ടം വഴിയോ പോവണം. തൃശൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എടപ്പാളില്‍ നിന്ന് പൊന്നാനി-ചമ്രവട്ടം വഴിയാണ് പോവേണ്ടത്.