Asianet News MalayalamAsianet News Malayalam

കുറ്റ്യാടി ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ

കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വി പി സബീറിനെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യൂത്ത് ലീഗ് കുറ്റ്യാടി ടൗണ്‍ പ്രസിഡന്‍റാണ്.

Kuttyadi jewellery fraud main accused arrested
Author
Kozhikode, First Published Aug 29, 2021, 6:33 PM IST

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ വൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നൂറിലധികം പേരിൽ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽ പോയ കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വി പി സബീറിനെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റ്യാടിയിലെ യൂത്ത് ലീഗ് നേതാവ് കൂടിയാണ്. ഇയാൾക്കെതിരെ കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്തത് 87 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പയ്യോളി, കല്ലാച്ചി, കുറ്റ്യാടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗോൾഡ് പാലസ് ജ്വല്ലറിയാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. പണവും സ്വര്‍ണവും സ്വീകരിച്ച് ജ്വല്ലറി ബിസിനസില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭവിഹിതം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ദിവസ തവണയായി പണം സ്വീകരിച്ച് സ്വര്‍ണം നല്‍കുന്ന പദ്ധതിയും ഇവര്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇടപടുകാര്‍ ജ്വല്ലറിയിലെത്തിയപ്പോഴാണ് സ്ഥാപനം പൂട്ടി ഉടമകള്‍ മുടങ്ങിയതായി അറിഞ്ഞത്. പിന്നാലെ നൂറിലേറെ പരാതികള്‍ കുറ്റ്യാടി നാദാപുരം പയ്യോളി പൊലീസ് സ്റ്റേഷനുകളിലായെത്തി.

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെയാണ് പ്രധാന പ്രതി കുളങ്ങരത്താഴ സ്വദേശി വി പി സബീര്‍ കുറ്റ്യാടി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ജ്വല്ലറിയുടെ മാനേജിംഗ് പാർട്നറായ സബീർ പ്രദേശത്തെ യൂത്ത് ലീഗ് നേതാവ് കൂടിയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാടി സ്റ്റേഷനിൽ മാത്രം 87 കേസുകൾ രജിസ്റ്റർ ചെയ്തു. കേസില്‍ രണ്ട് പ്രവാസികൾ അടക്കം മൂന്ന് പേർ ക്കൂടി പിടിയിലാകാനുണ്ട്. കുറ്റ്യാടി കരണ്ടോട് തയ്യുളളതില്‍ മുഹമ്മദ്, കച്ചേരി കെട്ടിയ പറമ്പത്ത് ഹമീദ്, തൊടുപൊയിൽ സബീൽ എന്നിവരാണ് മറ്റ് പ്രതികൾ. നാലു വര്‍ഷം മുന്പാണ് ഗോള്‍ഡ് പാലസ് ജ്വല്ലറി കുറ്റ്യാടി കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios