''എം എല്‍ എ ആയാലും അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ക്കു സര്‍ക്കാര്‍ മടിച്ചുനില്‍ക്കരുത്. നിലവിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്ക്കു നിര്‍ത്താനും കര്‍ക്കശ താക്കീത് നല്‍കാനും നേതൃത്വം ഇനിയും മടിച്ചുനില്‍ക്കുന്നത്''.
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ (P V Anvar MLA) കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റജി (KUWJ State president K P Reji). ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രസിഡന്റ് എംഎല്‍എക്കെതിരെ രംഗത്തെത്തിയത്. വസ്തുതാപരമായി വാര്‍ത്ത നിഷേധിക്കുന്നതിനു പകരം ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ അധിക്ഷേപത്തിനും ആക്ഷേപത്തിനുമുള്ള എം എല്‍. എയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്നും കെ പി റജി വ്യക്തമാക്കി. പദവിയുടെ മഹത്വത്തിനു നിരക്കാത്ത രീതിയില്‍ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുന്നതിലൂടെ എം എല്‍ എ സ്വയം ചെറുതാവുകയാണ്. വിവേകം തോന്നുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഭരണ നേതൃത്വവുമെങ്കിലും അതിന് ശ്രമിക്കണം. എം എല്‍ എ ആയാലും അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ക്കു സര്‍ക്കാര്‍ മടിച്ചുനില്‍ക്കരുത്. നിലവിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്ക്കു നിര്‍ത്താനും കര്‍ക്കശ താക്കീത് നല്‍കാനും നേതൃത്വം ഇനിയും മടിച്ചുനില്‍ക്കുന്നത്. പരിഷ്‌കൃതമായ ജനാധിപത്യ സമൂഹത്തിന എം എല്‍ എയുടെ നടപടി തെല്ലും ഭൂഷണമല്ലെന്നും അദ്ദേഹം ആരോപിച്ചു.
പി വി അന്‍വര്‍ എം എല്‍ എയുടെ ജപ്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെയുള്ള എം എല്‍ എയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെയാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയത്. എതിരു പറയുന്ന ആരെയും പുലഭ്യം പറഞ്ഞു കൊല വിളിക്കുക എന്നതാണു ഇപ്പോള്‍ നടപ്പുശീലം. ഇടതു പുരോഗന പ്രസ്ഥാനത്തിന്റെ പ്രതിനിധിയാലും നിയമനിര്‍മാണ സഭാംഗമായാലും അതില്‍ വലിയ വ്യത്യാസമൊന്നും കാണുന്നില്ലെന്നും ഹിതകരമല്ലെങ്കില്‍ എന്തും ചെയ്തു കളയാമെന്ന മട്ടിലാണു കാര്യങ്ങളുടെ പോക്കെന്നും കെ പി റജി ആരോപിച്ചു.
ജപ്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാന്‍ കാളിയത്തിനെതിരെയാണ് അധിക്ഷേപം. 'ജപ്തി ചെയ്യുന്നെങ്കില്‍ ഞാന്‍ അതങ്ങ് സഹിച്ചോളാം. എന്റെ ഭൂമിയല്ലേ ഷാജഹാനേ ജപ്തി ചെയ്യുന്നത്. പൊതുജനങ്ങള്‍ക്കോ സര്‍ക്കാറിനോ അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. അതിന് നീ രാവിലെ ഇങ്ങനെ കിടന്ന് കുരയ്ക്കാതെ. നിന്റെ സൂക്കേട്, നീ തന്നെ എല്ലാവര്‍ക്കും മനസ്സിലാക്കി കൊടുക്കുന്നുണ്ട്. പോമറേനിയന്‍ നായകളെ കണ്ടിട്ടില്ലേ? വെറുതെ കിടന്ന് കുരയ്ക്കും.അതിനപ്പുറം ഒരു ചുക്കും അവയ്ക്ക് ചെയ്യാന്‍ പറ്റില്ല. ആ വിലയേ നിനക്ക് ഞാന്‍ ഇട്ടിട്ടുള്ളൂ. പി.വി. അന്‍വറിന് മലബന്ധത്തിന്റെന്റെ പ്രശ്‌നമുണ്ട്. മൂലക്കുരു ആണോന്ന് സംശയം'.! നീ നാളെ രാവിലെ ഇത് വാര്‍ത്തയായി കൊടുത്തോ. ഒന്ന് പോയിനെടാ,' എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബഹുമാന്യ എം എല്‍ എയുടെ പ്രതികരണം.
1.18 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന് എം എല്‍ എക്ക് ജപ്തി നോട്ടീസ് വന്നതായ വാര്‍ത്തയാണ് എം എല്‍ എയുടെ പ്രകോപന കാരണം. സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടിക്ക് ആക്സിസ് ബാങ്ക് നല്‍കിയ പരസ്യത്തിന്റെ അടിസ്ഥാനത്തിലാണു വാര്‍ത്ത പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
