Asianet News MalayalamAsianet News Malayalam

കെപിസിസി ജംബോ പട്ടികയ്ക്കെതിരെ കെ വി തോമസ്; കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന

അതേ സമയം തന്നെ ഏൽപ്പിക്കുന്ന വ‌‌ർക്കിം​ഗ് പ്രസിഡൻ്റ് സ്ഥാനമുൾപ്പടെയുള്ള ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കൂടി കെ വി തോമസ് കൂട്ടിച്ചേർത്തു.

kv thomas expresses displeasure at kpcc jumbo list
Author
Delhi, First Published Jan 24, 2020, 4:13 PM IST

ദില്ലി: കെപിസിസി ജംബോ പട്ടികയ്ക്കെതിരെ കെ വി തോമസ്. ഭാരവാഹികളുടെ എണ്ണം കൂട്ടുന്നത് ശരിയല്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. ഒരാൾക്ക് ഒരു പദവിയെന്നത് നടപ്പിലാക്കണമായിരുന്നു. ​ഗ്രൂപ്പിന്റെ അതിപ്രസരം പ്രകടമമാണെന്നും കെ വി തോമസ് ആരോപിച്ചു.  ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേ‌ന്ന് പ്രശ്നങ്ങൾ പരി​ഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ വി തോമസ് കൂട്ടിച്ചേ‌‌ർത്തു. 

അതേ സമയം തന്നെ ഏൽപ്പിക്കുന്ന വ‌‌ർക്കിം​ഗ് പ്രസിഡൻ്റ് സ്ഥാനമുൾപ്പടെയുള്ള ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കൂടി കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് കെ വി തോമസിന്റെ പ്രതികരണം. 

പുതിയ കെപിസിസി അധ്യക്ഷൻ ചുമതലയേറ്റ് ഒന്നരവർഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നത്. എ-ഐ ​ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് 130 പേരെ ഉൾപ്പെടുത്തി നൽകിയ ഭാരവാഹി പട്ടിക നേരത്തെ കോൺ​ഗ്രസ് ഹൈക്കമാൻഡ് തള്ളിയിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്ന് 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടികയാണ് ഒടുവിൽ കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചത്.

എ-ഐ ​ഗ്രൂപ്പുകളിൽ നിന്നും കടുത്ത സമ്മർദ്ദമുണ്ടായിട്ടും ജംബോ കമ്മിറ്റി വേണ്ടെന്ന കർശന നിലപാടിൽ അവസാന നിമിഷം വരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉറച്ചു നിന്നതും കേരള പോലൊരു ചെറിയ സംസ്ഥാനത്തിന് ആറ് വർക്കിം​ഗ് പ്രസിഡന്റുമാർ അടക്കം ഇത്ര വലിയ ഭാരവാഹി പട്ടിക എന്തിനാണെന്ന സോണിയ ​ഗാന്ധിയുടെ വിമർശനവും ഭാരവാഹികളുടെ എണ്ണം കുറയാൻ കാരണമായി. 

പത്ത് വൈസ് പ്രസിഡന്‍റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങന്നതാണ് പുതിയ പട്ടിക, 45 പേരടങ്ങിയ പട്ടിക മുകുൾ വാസ്നികിന് കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഈ പട്ടിക സോണിയാ ഗാന്ധി കണ്ട ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.

ജംബോ പട്ടികയ്ക്ക് നേരെ കർശന വിമർശനം ഉയർന്നതോടെ വിഡി സതീശൻ, ടിഎൻ പ്രതാപൻ, എപി അനിൽ കുമാർ എന്നീ നേതാക്കൾ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരി​ഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. കേരളത്തിൽ ജംബോ കമ്മിറ്റിയുടെ ആവശ്യമില്ലെന്നും ജംബോ കമ്മിറ്റിയുടെ ഭാ​ഗമായി ഭാരവാഹിത്വം തന്നാൽ അതു നാണക്കേടായി മാറുമെന്നും ഹൈക്കമാൻഡിന് ഇവർ നൽകിയ കത്തിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios