Asianet News MalayalamAsianet News Malayalam

ഇടത് സ്വതന്ത്രനാകുമെന്ന അഭ്യൂഹത്തിൽ നിലപാട് വ്യക്തമാക്കാതെ കെവി തോമസ്, കോൺഗ്രസുമായി അകൽച്ചയിലെന്ന് സൂചന

വീക്ഷണത്തിന്റെയും ജയ്ഹിന്ദ് ചാനലിന്റെയും ചുമതലയാണ് കെപിസിസി നല്‍കിയത്. എന്നാല്‍ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന് പറഞ്ഞ് കെവി തോമസ് പിന്മാറി

KV Thomas might be LDF candidate in Ernakulam
Author
Thiruvananthapuram, First Published Jan 13, 2021, 3:43 PM IST

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ഭക്ഷ്യ മന്ത്രിയുമായ കെവി തോമസ് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്ത കെവി തോമസ് തള്ളുന്നുണ്ടെങ്കിലും സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല അദ്ദേഹമെന്നാണ് സൂചന. ആവശ്യപ്പെട്ട പദവി നല്‍കിയില്ലെന്ന് പരാതിയുള്ള അദ്ദേഹം വീക്ഷണത്തിന്‍റെ ചുമതലയും ഏറ്റെടുത്തില്ല. 

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചത് മുതല്‍ അതൃപ്തിയിലാണ് പ്രൊഫസര്‍ കെവി തോമസ്. കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് പദവിയോ എഐസിസിയില്‍ ഭാരവാഹിത്വമോ ലഭിക്കണമെന്നായിരുന്നു കെവി തോമസിന്റെ ആവശ്യം. രണ്ടും നടന്നില്ല. സോണിയാ ഗാന്ധിയുമായി അടുപ്പമുണ്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ പോയതിന്റെ നിരാശയിലാണ് കെവി തോമസ്. കെപിസിസിയും കാര്യമായി പരിഗണിച്ചില്ല. 

വീക്ഷണത്തിന്റെയും ജയ്ഹിന്ദ് ചാനലിന്റെയും ചുമതലയാണ് കെപിസിസി നല്‍കിയത്. എന്നാല്‍ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന് പറഞ്ഞ് കെവി തോമസ് പിന്മാറി. ഇതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി കെവി തോമസ് കൂടുതല്‍ അകന്നുവെന്നാണ് സൂചന. താരിഖ് അന്‍വറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയെങ്കിലും സീറ്റിന്റെ കാര്യത്തിൽ ഉറപ്പൊന്നും കിട്ടിയില്ല. കൊച്ചി അല്ലെങ്കിൽ വൈപ്പിന്‍, ഈ സീറ്റുകളിലൊന്നിലാണ് കെവി തോമസിന് താത്പര്യം.

എന്നാല്‍ എറണാകുളത്തെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പാണ് കെവി തോമസിന് തടസ്സമായി പ്രധാന നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. 1984 മുതല്‍ പലവട്ടം എംപിയും എംഎല്‍എയും കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമായ കെവി തോമസിന് ഇനിയും അവസരം കൊടുക്കുന്നതിനോടാണ് പല നേതാക്കള്‍ക്കും വിയോജിപ്പുള്ളത്. ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാനും കെവി തോമസ് തയ്യാറല്ല. കൊവിഡ് റിവേഴ്സ് ക്വാറന്റൈനിലാണ് കെവി തോമസ്. ഈ മാസം 28 ന് ശേഷം പ്രതികരണമെന്നാണ് എല്ലാവരോടുമുള്ള മറുപടി. വിഷയത്തില്‍ പ്രതികരിക്കാന്‍ സിപിഎമ്മും തയ്യാറായിട്ടില്ല.

Follow Us:
Download App:
  • android
  • ios