സർക്കാരിന്റെ നയമാണ് കെ വി തോമസിലൂടെ പുറത്തുവന്നതെന്ന് സമരസമിതി
ദില്ലി: ആരോഗ്യമന്ത്രാലയുമായി ചർച്ചക്ക് പോകുന്നത് ആശ പ്രവർത്തകരുടെ പ്രശ്നം ചർച്ച ചെയ്യാനല്ലെന്ന് കേരള സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ആശ പ്രവർത്തകരുടെ വിഷയം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യം. ആശ പ്രവർത്തർക്ക് വേണ്ടി സംസാരിക്കാനല്ല സർക്കാർ തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെ വി തോമസിന്‍റെ പ്രതികരണം ഞെട്ടിക്കുന്നതെന്ന് സമര സമിതി പ്രതികരിച്ചു. കെ വി തോമസിലൂടെ പുറത്ത് വന്നത് സർക്കാർ നയമാണെന്നും സമര സമിതി നേതാവ് എസ് മിനി പറഞ്ഞു.
ആശാ വർക്കർമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; സമരം നടത്തുന്നവരുടെ ആരോഗ്യനിലയിൽ ആശങ്ക
അതേസമയം ആശ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുതിർന്ന സി പി എം നേതാവ് എ കെ ബാലന്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവർക്കും എതിരല്ല. ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്രം നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ കേരളം നല്‍കുന്നുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞിരുന്നു. യു ഡി എഫ് അധികാരത്തിൽ വന്നാൽ ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കുമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയിലും ബാലൻ അഭിപ്രായം രേഖപ്പെടുത്തി. യു ഡി എഫ് അധികാരത്തിൽ വരാൻ പോകുന്നില്ല. എല്‍ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായതുകൊണ്ടാണ് യു ഡി എഫ് പിച്ചും പേയും പറയുന്നതെന്നാണ് സി പി എം നേതാവ് അഭിപ്രായപ്പെട്ടത്. എൽ ഡി എഫ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് തന്നെ പറയുന്നു. അതുകൊണ്ടാണ് ഗ്രഹണി പിടിച്ച പോലെ ഓരോന്ന് പറയുന്നത്. കോൺഗ്രസ് അധികാരത്തിൽ വരില്ല എന്നുള്ളത് കൊണ്ട് ശമ്പളം കൂട്ടി നൽകുമെന്ന് തടക്കം വാഗ്ദാനങ്ങൾ അവർക്ക് പറയാമെന്നും എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.
