Asianet News MalayalamAsianet News Malayalam

തന്നെ നീക്കിയത് നോമിനേറ്റഡ് സ്ഥാനങ്ങളിൽ നിന്ന്; തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പം: കെവി തോമസ്

തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ വികസന നിലപാടിനൊപ്പമായിരിക്കും. അതിനകത്ത് രാഷ്ട്രീയമില്ല. വികസനത്തെ കണ്ണടച്ച് എതിർക്കാനില്ല

KV Thomas says would support Development politics at Thrikkakkara Election
Author
Kollam, First Published Apr 29, 2022, 12:13 PM IST

കൊല്ലി: സിപിഎം സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ തന്നെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നുമാണ് മാറ്റിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. എഐസിസി, കെപിസിസി അംഗത്വങ്ങളിൽ നിന്ന് മാറ്റിയിട്ടില്ല. ഇവ രണ്ടും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളാണെന്നും കെവി തോമസ് പറഞ്ഞു.

തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ വികസന നിലപാടിനൊപ്പമായിരിക്കും. അതിനകത്ത് രാഷ്ട്രീയമില്ല. വികസനത്തെ കണ്ണടച്ച് എതിർക്കാനില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകളും താനുമായി നടന്നിട്ടില്ല. ബാക്കി കാര്യങ്ങൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പറയാം. താൻ തുറന്ന മനസുള്ളയാളാണെന്നും വാതിലുകൾ ഒരിക്കലും അടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി 11 ന് താരിഖ് അൻവറിന്റെ സന്ദേശം ലഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. കോൺഗ്രസ് എന്നത് ഒരു സംഘടനാ രൂപമല്ല. അതൊരു കാഴ്ചപ്പാടും ജീവിത രീതിയുമാണ്. താൻ കോൺഗ്രസുകാരനാണ്. തന്റെ ഇനിയുള്ള പ്രവർത്തനവും വികസന രാഷ്ട്രീയത്തിനൊപ്പമാകും. തൃക്കാക്കരയിൽ താൻ വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും തന്നെ ഇവിടുത്തെ നേതൃത്വം സമീപിച്ചിട്ടല്ലെന്നും കെവി തോമസ് പറഞ്ഞു.

തനിക്കെതിരെ എടുത്തത് അച്ചടക്ക നടപടിയാണോയെന്ന കാര്യം ജനങ്ങളും മാധ്യമപ്രവർത്തകരും തീരുമാനിക്കട്ടെ. സുനിൽ ഝക്കറിന്റെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം എടുത്തത് മറ്റൊരു തീരുമാനമാണെന്നും അദ്ദേഹത്തെ പുറത്താക്കുകയായിരുന്നുവെന്നും മുൻ കേന്ദ്ര മന്ത്രി പറഞ്ഞു. തന്റെ കുടുംബത്തിൽ നിന്ന് ആരും രാഷ്ട്രീയത്തിലുണ്ടാകില്ലെന്ന് നേരത്തെ താൻ പറഞ്ഞിട്ടുണ്ട്. പത്രക്കാർ ഇത് മറന്നതാകാമെന്നും പ്രൊഫ കെവി തോമസ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios