തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് ആശയ വിനിമയം നടത്തിയിട്ടില്ല. അതേസമയം എൽ ഡി എഫുമായും ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. എന്നാൽ കോൺഗ്രസിന് വേണ്ടി അന്ധമായ പ്രചരണത്തിനുണ്ടാകില്ല. തൃക്കാക്കരയിലേത് ജനങ്ങളുടെ തെരഞ്ഞെടുപ്പ് ആണ്. ആര് ജയിക്കുമെന്ന് പറയാനാകില്ല. ഉമ തോമസിനോട് ആദരവുണ്ട്, വ്യക്തിപരമായ ബന്ധമുണ്ട്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakkara by election) മത്സര സാധ്യത തള്ളാതെ കെ.വി.തോമസ് (KV Thomas). തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതിൽ കെ.വി.തോമസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.വികസന രാഷ്ട്രീയത്തിനൊപ്പമെന്നാണ് കെവി തോമസ് ആവര്‍ത്തിച്ച് പറയുന്നത്. കെ റെയിൽ (K Rail)പോലുള്ള പദ്ധതികൾ വരണമെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് ആശയ വിനിമയം നടത്തിയിട്ടില്ല. അതേസമയം എൽ ഡി എഫുമായും ആശയവിനിമയം ഉണ്ടായിട്ടില്ലെന്നgx കെ വി തോമസ് പറഞ്ഞു.
എന്നാൽ കോൺഗ്രസിന് വേണ്ടി അന്ധമായ പ്രചരണത്തിനുണ്ടാകില്ല. തൃക്കാക്കരയിലേത് ജനങ്ങളുടെ തെരഞ്ഞെടുപ്പ് ആണ്. ആര് ജയിക്കുമെന്ന് പറയാനാകില്ല. ഉമ തോമസിനോട് ആദരവുണ്ട്, വ്യക്തിപരമായ ബന്ധമുണ്ടെന്നും കെവി തോമസ് പറഞ്ഞു. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് തന്നെയാകും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. എങ്കിലും സ്ഥാനാർഥി നിർണയ ചർച്ച നടത്തി ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇന്ന് സ്ഥാനാർഥി നിർണയ യോഗം തിരുവനന്തപുരത്ത് ചേരുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കെ വി തോമസ് നിലപാട് പറയുന്നത്.
പാർട്ടി നിർദേശം ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് പിണറായിയെ പുകഴ്ത്തിയ കെ വി തോമസിനെ നിലവിൽ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം തെരഞ്ഞെടുപ്പിന് പാർട്ടി സജ്ജമാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. നിരവധി കെ വി തോമസുമാർ ഉണ്ടാകും. വികസനം വിലയിരുത്തിിയാകും തെരഞ്ഞെടുപ്പെന്നും ഇ പി ജയരാജൻ പറഞ്ഞു. കോണ്ഗ്രസ് സ്ഥാനാർത്ഥിയാരാണെന്ന് വ്യക്തമായ ശേഷം സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാം എന്ന നിലപാടിലാണ് സിപിഎം. ഉമാ തോമസിൻ്റെ സ്ഥാനാർത്ഥിത്വം മുൻകൂട്ടി കണ്ട് കോണ്ഗ്രസിലെ കുടുംബാധിപത്യത്തെ വിമർശിച്ചും പരിഹസിച്ചും ഇതിനോടകം ഇടത് കേന്ദ്രങ്ങൾ സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
ജോലി ആവശ്യത്തിനും മറ്റുമായി പുറത്ത് നിന്നും ആയിരക്കണക്കിനാളുകൾ വന്ന് താമസിക്കുന്ന സ്ഥലമാണ് തൃക്കാക്കര. അതിനാൽ തന്നെ പൊതുസ്വീകാര്യതയുള്ള ഒരു പ്രമുഖ വ്യക്തിത്വത്തെ ഇവിടെ സ്ഥാനാർത്ഥിയായി ഇറക്കണം എന്നൊരു ആലോചന സിപിഎം കേന്ദ്രങ്ങളിലുണ്ട്. എന്നാൽ ഉമയ്ക്ക് എതിരെ ഒരു വനിതാ സ്ഥാനാർത്ഥിയായി ഇറക്കണമെന്ന നിർദേശവും സജീവമാണ്. ഇതൊന്നുമല്ല നിലവിലെ കൊച്ചി മേയർ അനിൽ കുമാറിനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കണം എന്ന നിർദേശവും ചില കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
ഇതിനിടെ കേരളത്തിൽ കളം നിറയാൻ ബി ജെ പിയും നീക്കം തുടങ്ങി. കേന്ദ്ര നേതാക്കളെ എത്തിച്ച് അണികളെ സജ്ജരാക്കുകയാണ് ലക്ഷ്യം. ഇതിനായി ഈന മാസം 15 ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും. റാലിയും ഉണ്ടാകും. ഈ മാസം ആറിന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ കോഴിക്കോടെത്തും. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ തയ്യാറെടുപ്പുകൾ ബിജെപി ഇതിനോടകം തുടക്കമിട്ടെങ്കിലും ഇതുവരേയും ഒരു സ്ഥാനാർത്ഥിയിലേക്ക് അവർ എത്തിയിട്ടില്ല
