തിരുവനന്തപുരം: വേളിയിൽ പൂട്ടികിടക്കുന്ന ഇംഗ്ളീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിക്കുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോ‍ർട്ടം ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് മരിച്ച പ്രഫുൽ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്.

പ്രഫുൽ കുമാറിനെ മരണത്തെ ചൊല്ലി ഇന്നലെ വലിയ വിവാദങ്ങളും സമരങ്ങളും അരങ്ങേറിയിരുന്നു. പ്രഫുൽകുമാറിനെ കമ്പനി അധികൃതർ അപായപ്പെടുത്തിയതാണെന്ന് ആരോപിച്ച് മൃതദേഹം കൊണ്ടു പോകാനുള്ള ശ്രമം തൊഴിലാളി യൂണിയനുകൾ മണിക്കൂറുകളോളം തടഞ്ഞിരുന്നു. ഒടുവിൽ ജില്ലാ കളക്ട‍ർ നേരിട്ട് എത്തി നടത്തിയ  ചർച്ചക്കൊടുവിലാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ട് പോകാൻ തൊഴിലാളികൾ അനുവദിച്ചത്. അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. 

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണ് പ്രഫുൽ കുമാറിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്തതും ആശുപത്രിയിലേക്ക് മാറ്റിയതും. സബ് കളക്ടറുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് ഈ സാഹചര്യത്തിൽ ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം വഹിച്ച സബ് കളക്ടറും പൊലീസുദ്യോ​ഗസ്ഥരും ക്വാറൻ്റൈനിൽ പോകേണ്ടി വരും.

അസംസകൃത വസ്തുക്കൾ കിട്ടാത്തത് മൂലം 146 ദിവസമായി ഇംഗ്ഷ് ഇന്ത്യൻ ക്ളേ ഫാക്ടറി അടഞ്ഞു കിടക്കുകയാണ്. ശമ്പളവും ആനുകൂല്യങ്ങളും കിട്ടാനായി സംയുക്ത തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്തുന്നതിനിടെയാണ് പ്രഫുല്ലകുമാാറിനെ ഫാക്ടറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഫുല്ലകുമാർ അടക്കമുള്ള തൊഴിലാളികൾ മാസങ്ങളായി കടുത്ത ദുരിതത്തിലായിരുന്നു. ഗുജറാത്ത് ആസ്ഥാനമായ താപ്പർ ഗ്രൂപ്പാണ് സ്ഥാപനം നടത്തുന്നത്. മരിച്ച പ്രഫുല്ലകുമാറിന് ഭാര്യയുും രണ്ട് മക്കളുമുണ്ട്